റൈഫിള്‍ ഷൂട്ടിങ്ങില്‍ കേരളത്തിന്‍റെ യശസ്സുയര്‍ത്തിയ യുവ കായിക താരം എലിസബത്ത് സൂസന്‍ കോശി. വനിതാ സാന്നിധ്യം കുറവുള്ള ഷൂട്ടിങ് മേഖലയില്‍ ചുവടുറപ്പിച്ചതിനെക്കുറിച്ച്, കായിക താരങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച്, നേടിയതും നേടാവുന്നതുമായ അംഗീകാരങ്ങളെക്കുറിച്ച് എലിസബത്ത്‌ മനസ്സ് തുറക്കുന്നു. ഐഇ മലയാളത്തിന്‍റെ ‘കേരള @ 60’ പരമ്പരയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ.

ഇടുക്കി സ്വദേശിയായ എലിസബത്തിനെ ഈ രംഗത്തേക്ക് വരാന്‍ പ്രോത്സാഹിപ്പിച്ചത് വീട്ടുകാര്‍ തന്നെയാണ്. പ്ലാന്റര്‍ ആയ അച്ഛന്‍ ഉള്‍പ്പെടുന്ന കുടുംബം തന്നെയാണ് എന്നും ഈ മിടുക്കിയുടെ വഴികാട്ടി.

‘ഷൂട്ടിങ് ഇന്ത്യയില്‍ തന്നെ മുന്‍ നിര കായിക ഇനങ്ങളില്‍ പെടുന്നില്ല, കേരളത്തില്‍ പ്രത്യേകിച്ചും. കേട്ടിട്ടുള്ള പേരുകള്‍ സച്ചിന്‍, പി.ടി.ഉഷ അങ്ങനെ ചിലരുടേത് മാത്രം. അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയതിനു ശേഷമാണ് ഷൂട്ടിങ് എന്ന ഒരിനം ഉണ്ടെന്നു തന്നെ നമ്മള്‍ തിരിച്ചറിയുന്നത്‌.’, വന്ന വഴികളെക്കുറിച്ച് എലിസബത്ത്‌ പറയുന്നു.

കായിക താരങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ പലപ്പോഴും ലഭിക്കുന്നില്ല എന്നും എലിസബത്ത് കൂട്ടിച്ചേര്‍ത്തു. ‘ഒരു സിനിമാ താരമോ അല്ലെങ്കില്‍ പൊതു ജീവിതത്തില്‍ നില്‍ക്കുന്ന മറ്റുള്ളവര്‍, അവരെ ആരാധിക്കാനും അംഗീകാരിക്കാനും നമുക്ക് മടിയില്ല. എന്നാല്‍ ക്രിക്കറ്റ്‌ ഒഴികെയുള്ള കായിക താരങ്ങളുടെ കാര്യം വരുമ്പോള്‍ അങ്ങനെയല്ല. ക്രിക്കറ്റ്‌ ഒരു മതമായി തന്നെ നമ്മള്‍ കൊണ്ട് നടക്കുന്നുണ്ട്. മറ്റു കായിക ഇനങ്ങള്‍ ചെയ്യുന്നവര്‍, അതില്‍ മികവു കാട്ടുന്നവര്‍, എന്ത് തരത്തിലാണ് കുറഞ്ഞവരാകുന്നത്’, എലിസബത്ത് ചോദിക്കുന്നു.

‘എറണാകുളത്ത് സെന്റ്‌ തെരേസാസ് കോളേജിലാണ് ഞാന്‍ പഠിക്കുന്നത്. ഞാന്‍ ഒരു സിനിമയിലെങ്കിലും അഭിനയിച്ച താരമായിരുന്നെങ്കില്‍ എനിക്ക് അവിടെ കിട്ടുന്ന പോപ്പുലാരിറ്റിയില്‍ വ്യത്യാസം ഉണ്ടാകുമായിരുന്നു. എന്നെ ആരും തിരിച്ചറിയാത്തതോ, അംഗീകാരിക്കാത്തതോ ഒന്നും എന്നെ ബാധിക്കുന്നില്ല, എങ്കിലും ചില സമയത്ത് ആ വിവേചനം നമ്മളെ അത്ഭുതപ്പെടുത്തും.’, എലിസബത്ത് കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇതിനു മാറ്റം വന്നു തുടങ്ങണം എന്നാണ് എലിസബത്ത് അഭിപ്രായപ്പെടുന്നത്. കായിക ക്ഷേമ പദ്ധതികള്‍, അര്‍ഹതപ്പെട്ട കായിക താരങ്ങള്‍ക്ക് വേണ്ട പ്രോത്സാഹനവും കൈത്താങ്ങും, ഇവയെല്ലാം ലഭ്യമാകണം, അതും നേരായ മാര്‍ഗത്തിലൂടെ തന്നെ.

‘സൈറ, തോമസ്‌ എന്നീ കേരള ഷൂട്ടിങ് താരങ്ങള്‍ നല്ല ഭാവിയുള്ളവരാണ്. ഇവര്‍ക്ക് പരിശീലനം നേടാനുള്ള റേഞ്ചുള്‍ വേണം, ഇപ്പോള്‍ ഉള്ളവ പോലെയല്ലാതെ, കുറച്ചു കൂടി സൗകര്യങ്ങള്‍ ഉള്ളവ. അതിനു വേണ്ട നടപടികള്‍ സര്‍ക്കാരും സ്പോട്സ് കൗണ്‍സിലും എടുക്കും എന്ന് തന്നെയാണ് കരുതുന്നത്.’

കോച്ചിങ് രീതികളിലും മാറ്റങ്ങള്‍ ഉണ്ടാകണം, പുതിയ പരിശീലന രീതികളുമായി നമ്മള്‍ ‘അപ്ഡേറ്റ്റെഡ്’ ആകണം എന്നും എലിസബത്ത് അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ