കേരളം എന്ന് പറഞ്ഞാല്‍ ജലത്തില്‍ നിന്നും രളനം ചെയ്തത് എന്നാണര്‍ത്ഥം.  കേ ജല ബീജമാണ് സംസ്കൃതത്തില്‍.  കേയില്‍ നിന്നും രളനം ചെയ്തതെന്തോ അതാണ്‌ കേരളം.  അല്ലാതെ കേര വൃക്ഷമല്ല.  പൗരാണികമായ ഒരു കഥയുമായി ഭംഗിയായി ചേര്‍ന്ന് പോകുന്നതാണീ അര്‍ത്ഥം.  ഗോകര്‍ണ്ണത്തില്‍ നിന്നും പരശുരാമന്‍ മഴുവെറിഞ്ഞപ്പോള്‍ അത് കന്യാകുമാരിയില്‍ വന്നു വീണു.  അവിടം മുതല്‍ ഇവിടം വരെയുള്ള ഭാഗം അദ്ദേഹം ജലത്തില്‍ നിന്നും രളനം ചെയ്തെടുത്തു.  അതായത്, പുനസൃഷ്ടിച്ചു അല്ലെങ്കില്‍ വീണ്ടെടുത്തു.

എന്തായാലും പ്രകൃതി മനോഹരമായ ഈ സ്ഥലം നമുക്ക് കിട്ടി.  പച്ച തിങ്ങിയ മനോഹരമായ ഒരു പ്രദേശം.  ചുറ്റിലും ധാരാളം നിറങ്ങലുള്ളത് കൊണ്ടാവാം, ഒരു കളര്‍ തെറാപ്പി എന്നാ നിലയില്‍ നമ്മുടെ തനതായ വസ്ത്രം കോടി നിറത്തിലായത്.  കോടി എന്ന് പറയുമ്പോള്‍ അത് വെള്ളയല്ല എന്നോര്‍ക്കണം. ഇത് നേരേ തിരിച്ചാണ് രാജസ്ഥാന്‍ പോലെയുള്ള സ്ഥലങ്ങളില്‍.  ചുറ്റിലും മരുഭൂമിയായത് കൊണ്ട്, വസ്ത്രത്തില്‍ നിറമില്ലാതെ വയ്യ.

പ്രകൃതി മനോഹരമായ ഈ സ്ഥലം ഇന്ന് ഭയാനകം, ഭീകരം എന്ന് പറയുന്ന അവസ്ഥയിലാണ്.  കെട്ടിക്കെട്ടിക്കെട്ടി പൊക്കുന്ന സിമന്‍റിന്റെ വനമായി മാറിക്കൊണ്ടിരിക്കുകയാണ് കേരളം.  വയലുകളില്ല, അതിനും ചുറ്റും പോകുന്ന ചാലുകളില്ല.  നദികളില്‍ ജല നിരപ്പ് കുറഞ്ഞു കുറഞ്ഞു വരുന്നു.  അതിന്‍റെ കാരണങ്ങളിലേയ്ക്ക്‌ ഞാനിപ്പോള്‍ പോകുന്നില്ല.  പാറകള്‍ പൊട്ടിക്കുന്നു.  മണ്‍കുന്നുകള്‍ ഇടിക്കുന്നു.  എന്തിനാ… പെട്രോള്‍ പമ്പ്‌ കെട്ടാനും സൂപ്പര്‍ മാര്‍ക്കെറ്റ് കെട്ടാനും ഷോപ്പിംഗ്‌ മാള്‍ കെട്ടാനും വേണ്ടിയാണ്.  ഇടിച്ചിടിച്ചു കളയുകയാണ് കേരളത്തെ.  എല്ലാത്തിനും നിയമങ്ങളൊക്കെ കാണുമായിരിക്കും.  എന്തായാലും കണ്ണടച്ച് കൊണ്ടല്ലാതെ കേരളത്തില്‍ കൂടി യാത്ര ചെയ്യാനൊക്കുകില്ല.

മരങ്ങള്‍ വെട്ടിക്കൊണ്ട് പോകുന്നു.  തെങ്ങുണ്ട്; കയറാന്‍ ആളില്ല.  അത് വേറെ കഥ.  പ്രകൃതിയെ നശിപ്പിക്കുക, അതിനു പകരം സിമെന്റും ഗ്ലാസും കോണ്‍ക്രീറ്റും… എങ്ങനെ ചൂട് കൂടാതിരിക്കും?  മഴ വരുകയാണെങ്കില്‍ അത് ഭഗവാന്‍റെ കാരുണ്യം.  പുണ്യാത്മാക്കളുടെ പ്രാര്‍ത്ഥന.  ഈ രീതിയില്‍ പോവുകയാണെങ്കില്‍ എവിടെ പോയി നില്‍ക്കും?

നമുക്ക് ആഹാരത്തിന് ആഹാരം തന്നെ വേണം, വേറൊരു പോംവഴിയില്ലല്ലോ.  ലക്ഷക്കണക്കിന്‌ രൂപയും കൈയ്യില്‍ വച്ച്,പഷ്ണി കിടക്കേണ്ടി വരുമോ നമുക്ക്? അങ്ങനൊരു സ്ഥിതി വിശേഷം വരാന്‍ പാടില്ല.

കൃഷി വളരെ അത്യാവശ്യമാണ്.  റബ്ബറിനെക്കുറിച്ചോ, വ്യവസായ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള മറ്റുള്ളവയെക്കുരിച്ചോ അല്ല.  നെല്‍കൃഷി, ഭക്ഷ്യ വിളകള്‍ കൃഷി ചെയ്യണം.  ഇല്ലെങ്കില്‍ ആഹാരമില്ലാത ഒരു കാലം വരും.  വെള്ളത്തിന്‌ വേണ്ടി വഴക്ക് ഇപ്പോഴേയുണ്ട്.  ഇനി വായുവിനും കൂടി വേണ്ടി വഴക്കിടേണ്ടി വന്നാലോ?  കൃഷിക്കാരേയും കൃഷിയേയും ഭൂമിയേയും സംരക്ഷിച്ചേ മതിയാകൂ.

എന്‍റെ കേരളം, എന്‍റെ സ്വപ്നം

പഴയ തലമുറയില്‍ പെട്ട ഒരാളാണ് ഞാന്‍.  ഭഗവാന്‍ എന്ന ആശയം എന്‍റെയും എന്റെ കുടുംബത്തിന്റേയും രക്തത്തില്‍ അലിഞ്ഞതാണ്.  അത് വിട്ടിട്ട് ഒരു സ്വപ്നവും പ്രാര്‍ത്ഥനയുമൊന്നും എനിക്കില്ല.

അറുപതു കഴിഞ്ഞ, ഷഷ്ടിപൂര്‍ത്തിയാഘോഷിക്കുന്ന ഈ പുണ്യ പാരിപാവനഭൂമിയില്‍, നമ്മള്‍ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുന്ന ഈ മണ്ണില്‍, സമാധാനവും ശാന്തിയും വേണമെന്ന്  എന്ന് ഭഗവാനോട് പ്രാര്‍ഥിക്കുകയാണ്.  ബാക്കിയൊക്കെ പിന്നെ,പണവും പ്രതാപവും പ്രശസ്തിയുമൊക്കെ പിന്നെ.  ഈ പുണ്യ ഭൂമിയിലെ കുട്ടികള്‍ക്കും, ജനങ്ങള്‍ക്കും, ജീവ ജാലങ്ങള്‍ക്കും,മണ്ണിനും, ശാന്തി കിട്ടട്ടെ.  അമ്മയാകുന്ന മണ്ണ് കരയാനിട വരാതിരിക്കട്ടെ.

സമാധാനം കൊടുക്കണേ ഭഗവാനേ, സമാധാനം കൊടുക്കണേ പത്മനാഭാ!

ഒരു ദുസ്വപ്നം പോലെ…

ഒരു ജനവിഭാഗത്തിന് അവരുടെ വ്യക്തിത്വം തറപ്പിക്കുന്ന ഒരു ഭൂഭാഗം ഉണ്ടാകുന്നു എന്നത് ചിലപ്പോള്‍ സന്തോഷം തോന്നുന്ന ഒരു കാര്യമായിരിക്കും.  എന്നാല്‍, പഴയ മനസ്സില്‍ കുറച്ചു ദുഖമുണ്ട്, നിഴലുകളുണ്ട്.  കേരളം ജന്മമെടുത്തപ്പോള്‍ നമുക്ക് കന്യാകുമാരി നഷ്ടപ്പെട്ടു, the land’s end of India.  മൂന്ന് സമുദ്ര സഹോദരികള്‍ കൈകോര്‍ത്തു പിടിച്ച, ആ തിരിമാലകള്‍ അവരുടെ ഹൃദയ സ്പണ്ടാനമായി മാറി, ഭഗവാന് സ്തുതി ഗീതങ്ങള്‍ പാടുന്ന കന്യാകുമാരി, പോയി.  അതിനോടൊപ്പം, ഓരോ മണല്‍ തരിയും, ഒരു പക്ഷെ ഓരോ മൈല്‍കുറ്റിയും ചരിത്രത്തിന്‍റെ സാക്ഷിയായോ, ഒരു പക്ഷെ ചരിത്രം തന്നെയായോ മാറിക്കൊണ്ടിരുന്ന ആ സ്ഥലം.

നാഞ്ചിനാട് പാടങ്ങള്‍ – the granery of the South, അതും പോയി.

അനവധിയനവധി മഹാക്ഷേത്രങ്ങള്‍, ആരാധനാലയങ്ങള്‍, അതും പോയി.  108 വൈഷ്ണവ തിരുപ്പതികളില്‍, മലയാളതിരുപ്പതികള്‍ എന്നറിയുന്ന 13 എണ്ണത്തില്‍ രണ്ടെണ്ണം പോയി.  തിരുപ്പതിസാരവും തിരുവട്ടാറും പോയി.  ഒരു പാട് നഷ്ടങ്ങള്‍,കന്യാകുമാരി പോയതോട് കൂടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ