തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് തിരുവനന്തപുരത്ത് എത്തും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക സംഘമാണ് എത്തുന്നത്. രോഗബാധ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ സംഘം സന്ദർശനം നടത്തും. അതേസമയം, കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കുമെന്നാണ് കരുതുന്നത്.
തിരുവനന്തപുരത്ത് 14 പേരിൽ രോഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് കേന്ദ്രം ആറംഗ സംഘത്തെ കേരളത്തിലേക്ക് അയക്കുന്നത്. വൈറസ് സാന്നിധ്യം കണ്ടെത്തിയ നഗരസഭാ പരിധിയിലെ സ്ഥലങ്ങളും ആദ്യം രോഗം റിപ്പോർട്ട് ചെയ്ത പാറശാലയും സംഘം സന്ദർശിക്കും. ശേഷം ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി രോഗപ്രതിരോധ മാർഗങ്ങൾ നിർദേശിക്കും.
പരിശോധനക്ക് അയച്ച സാമ്പിളുകളുടെ ഫലം ലഭിക്കുമ്പോൾ കൂടുതൽ പേർ രോഗബാധിതരാവാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് കരുതുന്നത്. അതുകൊണ്ട് തന്നെ രോഗബാധിത പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടവും പ്രതിരോധ പ്രവർത്തനങ്ങൾക്ക് കർമ്മ പദ്ധതി രൂപീകരിച്ചിട്ടുണ്ട്.
Read Also: സിക്ക വൈറസ് പ്രതിരോധത്തിനായി ആക്ഷന്‍ പ്ലാന്‍; സംസ്ഥാനത്ത് 14 പേർക്കു കൂടി വൈറസ് സ്ഥിരീകരിച്ചു
ഈഡിസ് കൊതുകുകളാണ് സിക്ക വൈറസ് പരത്തുന്നത്. സാധാരണ ഇത് കുഴപ്പമില്ലെങ്കിലും ഗര്‍ഭിണികളെ സാരമായി ബാധിക്കും. അവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വൈകല്യമുണ്ടാകാന്‍ സാധ്യതയേറെയാണ്. അതിനാല്‍ കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ലൈംഗിക ബന്ധത്തിലൂടേയും സിക്ക വൈറസ് പകരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഗര്‍ഭിണികളാകാന്‍ തയ്യാറെടുക്കുന്നവര്‍ കൊതുകു കടിയേല്‍ക്കാതെ ശ്രദ്ധിക്കണം. കുട്ടികളും പ്രായമായവരും ശ്രദ്ധിക്കേണ്ടതാണ്.
പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. ഇത്തരം കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ് കടിക്കുന്നത്. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
സാധാരണയായി രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. മൂന്ന് മുതല്‍ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല. മരണങ്ങള് അപൂര്‍വമാണ്.
Also Read: Zika virus- സിക്ക എത്രത്തോളം അപകടകരമാണ്; ലക്ഷണങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം