തിരുവനന്തപുരം: സംസ്ഥാനം നടത്തിയ സിറോ പ്രിവലന്‍സ് സര്‍വേയില്‍ ഉയര്‍ന്ന സിറോ പോസിറ്റിവിറ്റി കാണിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 18 വയസിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത 4429 സാമ്പിളുകളില്‍ 3659 എണ്ണം പോസിറ്റീവ് ആണ്. 82.6 ശതമാനം ആളുകളില്‍ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി.
ഈ ഉയര്‍ച്ച സ്വാഭാവിക അണുബാധയിലൂടെയോ കോവിഡ് പ്രതിരോധ കുത്തിവയ്പ്പിലൂടെയോ സംഭവിച്ചതാകാമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശകലനം. കേരളത്തിലെ ഉയര്‍ന്ന തോതിലുള്ള കോവിഡ് വാക്സിനേഷന് കവറേജ് കണക്കിലെടുക്കുമ്പോള്‍, സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്റെ ഗണ്യമായ സംഭാവന ഈ നിലയിലുള്ള ആന്റിബോഡി വ്യാപനത്തിന് കാരണമായേക്കാം.
18 മുതല്‍ 49 വയസ് വരെ പ്രായമുള്ള ഗര്‍ഭിണികളുടെ വിഭാഗത്തില്‍ വിശകലനം ചെയ്ത 2274 സാമ്പിളുകളില്‍ 1487 എണ്ണം പോസിറ്റീവ് ആയിരുന്നു. ഈ വിഭാഗത്തിലെ സീറോ പ്രിവലന്‍സ് 65.4% ആണ്. ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകളിലെ സീറോ പ്രിവലന്‍സ് താരതമ്യേന കുറവാണ്.
അഞ്ച് മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികളുടെ വിഭാഗത്തില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത 1459 സാമ്പിളുകളില്‍ 586 എണ്ണം പോസിറ്റീവ് ആണ്. ഈ വിഭാഗത്തിലെ സീറോ പ്രിവലന്‍സ് 40.2% ആണ്. ഇന്ത്യയില്‍ കുട്ടികളില്‍ കോവിഡ് വാക്സിന് ഉപയോഗിക്കുന്നത് അംഗീകരിച്ചിട്ടില്ല.
18 വയസിനും അതിനു മുകളിലും പ്രായമുള്ള ആദിവാസി ജനസംഖ്യാ വിഭാഗത്തില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത 1521 സാമ്പിളുകളില്‍ 1189 എണ്ണം പോസിറ്റീവ് ആയിരുന്നു. ഈ വിഭാഗത്തിലെ സീറോ പ്രിവലന്‍സ് 78.2% ആണെന്നും കണ്ടെത്തി.
ആദിവാസി ജനതയ്ക്ക് അവരുടെ ആവാസവ്യവസ്ഥയിലെ ഗ്രാമീണ സ്വഭാവവും ജനസാന്ദ്രതയും കണക്കിലെടുക്കുമ്പോള്‍ വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണ്. പ്രതിരോധ കുത്തിവയ്പ്പിന് ഈ വിഭാഗത്തിലെ സീറോ പ്രിവലന്‍സ് വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നും ആരോഗ്യ വകുപ്പ് പറയുന്നു.
18 വയസിനും അതിനു മുകളിലും പ്രായമുള്ള തീരദേശ വിഭാഗത്തില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത 1476 സാമ്പിളുകളില്‍ 1294 എണ്ണം പോസിറ്റീവ് ആയിരുന്നു. ഈ വിഭാഗത്തിലെ സീറോപ്രിവലന്‍സ് 87.7% ആണ്.
18 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവരുടെ വിഭാഗത്തിലെ സീറോ പ്രിവലന്‍സുമായി താരതമ്യപ്പെടുത്തുമ്പോള്‍ തീരദേശ വിഭാഗങ്ങളുടെ സീറോപ്രിവലന്‍സ് കൂടുതലാണ്. പകര്‍ച്ചവ്യാധിയുടെ സമയത്ത് ഈ പ്രദേശങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൂടുതല്‍ ക്ലസ്റ്ററുകളുമായും കേസുകളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു.
18 വയസിനും അതിനു മുകളിലും പ്രായമുള്ള നഗര ചേരികളില്‍ താമസിക്കുന്നവരില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത 1706 സാമ്പിളുകളില്‍ 1455 എണ്ണം പോസിറ്റീവ് ആണ്. ഈ വിഭാഗത്തിലെ സീറോപ്രിവലന്‍സ് 85.3% ആണ്.
2021 സെപ്തംബര്‍ മാസത്തിലാണ് മൂന്നാം ഘട്ട സീറോ സര്‍വെ പഠനം നടത്തയത്. പ്രധാനമായും ആറ് ലക്ഷ്യങ്ങളാണുണ്ടായിരുന്നത്. 18 വയസിനും അതിന് മുകളില്‍ പ്രായമുള്ള എല്ലാവരിലും രോഗാണുബാധ എത്രത്തോളമാണെന്ന് കണ്ടെത്തുക. ആശുപത്രികളിലെത്തുന്ന 18-49 വയസിനിടയില്‍ പ്രായമുള്ള ഗര്‍ഭിണികളില്‍ കോവിഡ് രോഗാണുബാധ കണ്ടെത്തുക.
അഞ്ച് വയസ് മുതല്‍ 17 വയസ് വരെയുള്ള കുട്ടികളില്‍ കോവിഡ് രോഗബാധ കണ്ടെത്തുക, ആദിവാസി മേഖലയിലെ മുതിര്‍ന്നവരില്‍ കോവിഡ് രോഗബാധിതരെ കണ്ടെത്തുക. തീരദേശങ്ങള്‍, നഗരങ്ങള്‍, ചേരികള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വസിക്കുന്ന മുതിര്‍ന്നവരില്‍ എത്ര ശതമാനം പേര്‍ക്ക് രോഗബാധയുണ്ടെന്നറിയുക എന്നിവയാണ് സര്‍വെയുടെ ലക്ഷ്യങ്ങള്‍.