തിരുവനന്തപുരം: കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന്റെ ഓഫീസിന് നേരെ യുവമോർച്ച പ്രവർത്തകരുടെ അക്രമം. തിരുവനന്തപുരം പുളിമൂടിന് സമീപമുളള ശശി തരൂരിന്റെ ഓഫീസിൽ യുവമോർച്ച പ്രവർത്തകർ കരി ഓയിൽ ഒഴിക്കുകയും മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. ഓഫീസിനുമുന്നിൽ യുവമോർച്ച പ്രവർത്തകർ റീത്ത് വച്ചു. ഹിന്ദു പാക്കിസ്ഥാൻ ഓഫീസ് എന്ന ബാനറും കെട്ടി.

ബിജെപി ഇനിയൊരിക്കൽ കൂടി അധികാരത്തിൽ വന്നാൽ ഇന്ത്യ ഹിന്ദു പാക്കിസ്ഥാൻ ആകുമെന്ന് ശശി തരൂർ അഭിപ്രായപ്പെട്ടിരുന്നു. ഈ​ അഭിപ്രായ പ്രകടനത്തിനെതിരായാണ് യുവമോർച്ച പ്രവർത്തകർ എംപിയുടെ ഓഫീസിന് നേരെ ആക്രമണം നടത്തിയത്. ശശി തരൂർ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് യുവമോർച്ചയുടെ ആവശ്യം.

ശശിതരൂരിന്റെ അഭിപ്രായ പ്രകടനം കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലൊട്ടാകെ ഒരു സംവാദത്തിന് തുടക്കം കുറിച്ചിരിക്കെയാണ് സ്വന്തം മണ്ഡലത്തിൽ ബിജെപിയുടെ യുവജന സംഘടനയായ യുവമോർച്ചയുടെ അക്രമം അരങ്ങേറുന്നത്.

ശശിതരൂർ എംപിയുടെ ഓഫീസിന് നേരെയുളള യുവമോർച്ച അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവർ ശശി തരൂരിന്റെ ആക്രമിക്കപ്പെട്ട ഓഫീസ് സന്ദർശിച്ചു.
താൻ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതായി ശശി തരൂർ വ്യക്തമാക്കി. ജനപ്രതിനിധികളെ നിശബ്ദമാക്കാനുളള ശ്രമമാണ് ബിജെപിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിജെപിക്ക് ഇഷ്ടപ്പെടാത്ത​ അഭിപ്രായം പറയുന്നവരെ നിശബ്ദമാക്കാനുളള ബിജെപിയുടെ തന്ത്രമാണിതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുളള​ ബിജെപിയുടെ ഇത്തരം തന്ത്രങ്ങൾ കേരളത്തിൽ വിലപ്പോവില്ലെന്ന് അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.