കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യുവം-2023 വേദിയില്‍ യുവ താരനിര. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി, സിനിമാ താരങ്ങളായ സുരേഷ് ഗോപി, ഉണ്ണി മുകുന്ദന്‍, അപര്‍ണ്ണ ബാലമുരളി, നവ്യ നായര്‍, ഗായകരായ വിജയ് യേശുദാസ്, ഹരി ശങ്കര്‍, സ്റ്റീഫന്‍ ദേവസി എന്നിവരും മോദിക്കൊപ്പം വേദി പങ്കിട്ടു.
റോഡ് ഷോയില്‍ പങ്കെടുത്തതിന് ശേഷമായിരുന്നു പ്രധാനമന്ത്രി തേവര സേക്രട്ട് ഹാര്‍ട്ട് കോളേജ് ഗ്രൗണ്ടിലൊരുക്കിയ യുവം വേദിയിലേക്ക് എത്തിയത്. യുവാക്കളുടെ വന്‍ വരവേല്‍പ്പാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്. കേന്ദ്രമന്ത്രിമാരും എംപിമാരും സിനിമാ താരങ്ങളുമടക്കം നിരവധി പ്രമുഖര്‍ യുവം വേദിയില്‍ അണിനിരന്നു.
കേരളത്തിലെ യുവതീ യുവാക്കള്‍ മോദിയ്ക്കൊപ്പം അണി നിരന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി പറഞ്ഞു. ഇനി കേരളത്തിലുള്ള മുഴുവന്‍ യുവജനങ്ങളും മോദിയ്ക്കൊപ്പം അണിനിരന്ന് അദ്ദേഹത്തിനായി പ്രവര്‍ത്തിക്കുമെന്നും അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുക, രാജ്യാന്തര തലത്തിൽ ഇന്ത്യയെ ഒരു വിശ്വ ഗുരുവാക്കുക എന്നീ മോദിജിയുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ കേരളത്തിലെ യുവതീയുവാക്കളും അദ്ദേഹത്തിനൊപ്പം അണിനിരക്കുമെന്നും അനിൽ ആന്റണി പറഞ്ഞു.
പ്രധാനമന്ത്രി എത്തുന്ന വേദിയില്‍ നൃത്തം അവതരിപ്പിക്കാന്‍ കഴിഞ്ഞത് ജീവിത്തിലെ തന്നെ വലിയൊരു ഭാഗ്യമെന്നാണ് നവ്യ പറഞ്ഞത്. സ്റ്റീഫന്‍ ദേവസി സംഗീതവും ആലപിച്ചു. യുവം പോലൊരു യൂത്ത് കോൺക്ലേവ് പ്രോത്സാഹിപ്പിക്കുന്നതിൽ സന്തോഷം രേഖപ്പെടുത്തുകയും ഇത് വളരെ പ്രയാജനകരവും അത്യാവശ്യമാണെന്നും നടി അപർണ ബാലമുരളി ചൂണ്ടിക്കാട്ടി. കലാ-സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പേരാണ് യുവം കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ വേദിയില്‍ അണിനിരന്നത്.