തിരുവനന്തപുരം: യൂട്യൂബിൽ സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ തിരുവനന്തപുരം സ്വദേശി വിജയ് പി നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലിയൂരിലെ വീട്ടിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഐടി വകുപ്പ് 67, 67എ എന്നീ വകുപ്പ് ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

തിങ്കളാഴ്ചയാണ് ഇയാൾക്കെതിരേ ഐടി ആക്റ്റിലെ 67, 67എ എന്നീ വകുപ്പുകൾ ചുമത്തുകയായിരുന്നു. നേരത്തേ ഇയാൾക്കെതിരേ ജാമ്യം ലഭിക്കാവുന്ന ദുർബലമായ വകുപ്പുകൾ മാത്രമായിരുന്നു ചുമത്തിയത്.

നേരത്തേ ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽ പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് വീട്ടിൽ പരിശോധന നടത്തിയത്.

നേരത്തേ വിജയ് പി നായരെ കൈയേറ്റം ചെയ്ത സംഭവത്തിൽ ശബ്ദകലാകാരി ഭാഗ്യലക്ഷ്മിക്കും ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. വിജയ് പി നായര്‍ നല്‍കിയ പരാതിയിലാണ് തമ്പാനൂര്‍ പൊലീസ് കേസെടുത്തത്. അതിക്രമിച്ചു കടക്കല്‍, ഭീഷണി, കൈയ്യേറ്റം ചെയ്യല്‍, മോഷണം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി

നവ മാധ്യമ സങ്കേതങ്ങൾ ഉപയോഗിച്ച് സ്ത്രീകൾക്കെതിരെ ഹീനമായ ആക്രമണം നടത്തുന്ന സംഭവങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് തമ്പാനൂര്‍, മ്യൂസിയം പോലീസ് സ്റ്റേഷനുകളിലായി നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത ആള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 364 എ (1), 509, കേരളാ പോലീസ് ആക്റ്റ് 120 (ഒ) എന്നീ വകുപ്പുകളാണ് ചുമത്തിയത്. വിവാദമായ വീഡിയോ നീക്കം ചെയ്യണമെന്ന് യൂട്യൂബ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി.

Read More: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ; നിലവിലെ സാധ്യതകൾ മതിയാവില്ലെങ്കിൽ നിയമ നിർമ്മാണം ആലോചിക്കുമെന്ന് മുഖ്യമന്ത്രി

മറ്റൊരു വ്യക്തിക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം 364 A (1) (iv), 506, 509, കേരളാ പോലീസ് ആക്റ്റ് 120 (O) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഐ.റ്റി ആക്റ്റിലെ ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി രണ്ട് കേസുകളിലും ഉള്‍പ്പെടുത്താന്‍ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. അനുവാദം ലഭിച്ചാല്‍ ഉടന്‍തന്നെ ആ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയശേഷം കേസിന്‍റെ അന്വേഷണം തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് സ്റ്റേഷന് കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും ആക്രമിച്ചെന്നും കാണിച്ച് ഭാഗ്യലക്ഷ്മിയും വിജയ്.പി.നായരും പ്രത്യേകം പ്രത്യേകം നല്‍കിയ പരാതികളിൽ തമ്പാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.