ആലുവ: പിഞ്ചുകുഞ്ഞുമായി പോയ ആംബുലന്‍സിന് വഴികൊടുക്കാതെ മാർഗതടസമുണ്ടാക്കി കിലോമീറ്ററുകളോളം കാര്‍ ഓടിച്ചയാളുടെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് റദ്ദാക്കി. ആലുവ സ്വദേശി നിർമ്മൽ ജോസിന്റെ ലൈസൻസാണ് റദ്ദാക്കിയത്. അപകടകരമായി വാഹനമോടിച്ചു എന്ന കുറ്റചുമത്തി ഇയാളെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിർമ്മൽ ഉപയോഗിച്ച ഫോർഡ് ഇക്കോസ്പോർട്ട് വാഹനം നാളെ കോടതിയിൽ ഹാജരാക്കും.
ശ്വാസതടസ്സത്തെ തുടര്‍ന്ന് നവജാത ശിശുവിനെ പെരുമ്പാവൂരിലെ ആശുപത്രിയില്‍ നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന് മുന്നിലാണ് കാര്‍ തടസമായത്. പെരുമ്പാവൂരിൽനിന്ന് വരുന്ന വഴി ആലുവ ജിടിഎന്‍ ജംങ്ഷനില്‍ വച്ചാണ് എസ്‌യുവി കാര്‍ ആംബുലന്‍സിന് മുന്നില്‍ കയറിയത്. പിന്നീട് ഹസാര്‍ഡ് ലൈറ്റ് മിന്നിച്ച് വാഹനം ആംബുലന്‍സിന് മുന്നില്‍ തന്നെ തുടരുകയായിരുന്നു.
ആംബുലൻസിന് വഴിയൊരുക്കാനാണ് താൻ മുന്നിൽ ചീറിപ്പാഞ്ഞതെന്നാണ് പ്രതിയായ നിർമൽ ജോസ് നൽകിയിരിക്കുന്ന വിശദീകരണം. മറ്റു വാഹനങ്ങള്‍ തടസമാകാതിരിക്കാനായിരുന്നു ശ്രമമെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. എന്നാൽ ഈ വാദം പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. സംഭവത്തില്‍ നിര്‍മലിന്‍റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും.
ബിടെക് ബിരുദധാരിയായ പ്രതി അടുത്തിടെയാണ് വിദേശത്ത് നിന്നും അവധിക്ക് നാട്ടിലെത്തിയത്. വിവാഹവും ഉറപ്പിച്ചിരിക്കുകയാണ്. വിവാഹ ശേഷം വീണ്ടും വിദേശത്തേക്ക് പോകാനുള്ളതാണ്. ഇതിനിടെയാണ് ചൊവ്വാഴ്ച വൈകിട്ട് നിർമൽ വിവാദമായ ഡ്രൈവിങ് നടന്നത്. ആംബുലൻസിന് സൈഡ് നൽകാതെ അമിതവേഗതയിലുള്ള നിർമൽ ജോസിന്റെ വിഡിയോ വൈറൽ ആയതിനെ തുടർന്ന് ആലുവ ഡിവൈഎസ്‌പിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് സ്വമേധയ കേസെടുത്തത്.
ചുണങ്ങംവേലി രാജഗിരി ആശുപത്രി മുതൽ അശോകപുരം കൊച്ചിൻ ബാങ്കിൽ നിന്നും ആംബുലൻസ് എൻഎഡി റോഡിലേക്ക് പ്രവേശിക്കുന്നത് വരെ കാർ സൈഡ് നൽകിയില്ല. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ താത്കാലിക ആംബുലൻസ് ഡ്രൈവർ മധുവിന്റെ വിശദീകരണവും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. അന്വേഷണത്തിലാണ് ആലുവ ഡിവൈഎസ്‌പി ഓഫീസിനോട് ചേർന്ന് താമസിക്കുന്നയാളാണ് പ്രതിയെന്ന് കണ്ടെത്തിയത്.