കൊച്ചി: കോളേജ് വിദ്യാർത്ഥിനിയോട് സുഹൃത്തിന് ഇഷ്ടമാണെന്ന വിവരം പറഞ്ഞ യുവതിക്ക് എതിരെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. ഇടുക്കി കട്ടപ്പന സ്വദേശിയായ അമൃതയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ ഫോർട്ട്കൊച്ചി രാമേശ്വരം സ്വദേശിയായ ജോർജ് ജോസഫിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഏതാണ്ട് ഒരു വർഷം മുൻപ് ജോർജ് ജോസഫ് തന്റെ പ്രണയം പെൺകുട്ടിയോട് തുറന്നുപറഞ്ഞിരുന്നു. അന്നും തന്നെ ജോർജ് ശല്യം ചെയ്യുന്നതായി ആരോപിച്ച് പെൺകുട്ടി പരാതി നൽകി. ഇതേ തുടർന്ന് ജോർജ്ജിനെ അറസ്റ്റ് ചെയ്ത പൊലീസ് മേലിൽ പെൺകുട്ടിയെ കാണരുതെന്ന് വിലക്കിയിരുന്നു.

പ്രണയത്തെ കുറിച്ച്   ജോർജിന്റെ സുഹൃത്തായ അമൃത പെൺകുട്ടിയോട് സംസാരിച്ചതാണ് ഇപ്പോഴത്തെ കേസിനും അറസ്റ്റിനും കാരണമായത്.  പെൺകുട്ടിയെ എറണാകുളത്ത് വച്ച് കണ്ടപ്പോഴാണ് അമൃത ഈ വിഷയം സംസാരിച്ചത്.

മൂന്ന് തവണ അമൃത പെൺകുട്ടിയോട് ഇതേക്കുറിച്ച് സംസാരിച്ചതായാണ് പൊലീസ് പറയുന്നത്. എന്നാൽ താൻ അമൃതയോട് സംസാരിച്ചതായും ഒരൊറ്റ തവണയേ ഇക്കാര്യം പെൺകുട്ടിയോട്  പറഞ്ഞിട്ടുളളൂ എന്നുമാണ് നടി മാലാ പാർവ്വതി ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞത്.

ഇന്ത്യൻ ശിക്ഷ നിയമത്തിലെ 354 ഡി, 120 വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. അമൃതയ്ക്കും ജോർജ്ജിനും എതിരെ ഈ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. പെൺകുട്ടി വിസമ്മതം അറിയിച്ചിട്ടും പിന്നീടും ഏതെങ്കിലും തരത്തിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നത് നിയമം വഴി വിലക്കുന്നതാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 ഡി വകുപ്പ്. ഒരു പ്രവൃത്തി നിയമവിരുദ്ധമാണെന്ന്  അറിഞ്ഞുകൊണ്ട് തന്നെ അത് ചെയ്യുന്നത് വിലക്കുന്നതാണ് ഐപിസിയിലെ 120-ാം വകുപ്പ്.

നാടക പ്രവർത്തകരും നർത്തകരുമാണ് അമൃതയും ജോർജ്ജും. ഇരുവർക്കും എതിരെ ചുമത്തിയ വകുപ്പുകൾ  സ്റ്റേഷൻ ജാമ്യം ലഭിക്കുന്നതാണ്. ഇരുവരുടെയും കുടുംബാംഗങ്ങൾ വന്നാൽ സ്റ്റേഷനിൽ നിന്നും വിട്ടയക്കുമെന്നാണ് പൊലീസ് പറയുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ