തിരുവനന്തപുരം: ഡിവൈഎഫ്‌ഐ നേതാവും യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ബിജു(43) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ബുധനാഴ്ച രാവിലെ 8.15 ഓടെയായിരുന്നു അന്ത്യം.

രണ്ടാഴ്ച മുന്‍പാണ് കോവിഡ് ബാധിച്ച് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ബിജുവിന്റെ വൃക്കകൾ പ്രവർത്തനരഹിതമായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായിരുന്നുവെങ്കിലും കോവിഡ് ബാധ ആന്തരികാവയവങ്ങൾക്കേൽപ്പിച്ച ആഘാതമാണ് മരണത്തിലേക്ക് നയിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗവും എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമാണ്.

പി ബിജുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഊർജസ്വലതയും ആത്മാർപ്പണവും കൊണ്ട് ജനങ്ങളുടെ പ്രിയങ്കരനായി മാറിയ പൊതുപ്രവർത്തകനായിരുന്നു പി ബിജുവെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.

വിദ്യാർത്ഥി – യുവജന പ്രസ്ഥാനങ്ങളുടെ നേതാവെന്ന നിലയിലും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിലും ശ്രദ്ധേയമായ ഇടപെടലായിരുന്നു ബിജുവിന്റേതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

പി ബിജുവിന്റെ അകാല വിയോഗം നടുക്കമുണർത്തുന്നതും തീർത്തും വേദനാജനകവുമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരളത്തിലെ വിപ്ലവ പ്രസ്ഥാനത്തിൻ്റെ ഭാവി വാഗ്ദാനത്തെയാണ് നഷ്ടപ്പെട്ടതെന്നും അപരിഹാര്യമായ വിടവാണിതെന്നും അദ്ദേഹം പറഞ്ഞു.

എസ്.എഫ്.ഐ പ്രവര്‍ത്തകനായി സജീവ രാഷ്ട്രീയരംഗത്തിറങ്ങിയ പി. ബിജു കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി,പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷററുമായിരുന്നു. ജേര്‍ണലിസം ബിരുദവും എല്‍.എല്‍.ബി ബിരുദവും നേടിയിരുന്നു.കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമായിരുന്നു. 2016 ഒക്ടോബര്‍ 5 നാണ് പി.ബിജു കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനായി ചുമതലയേറ്റത്.

വെഞ്ഞാറമൂട് മേലാറ്റുമുഴി ‘രോഹിണി’യില്‍ പ്രഭാകരന്‍-ചന്ദ്രിക ദമ്പതികളുടെ മകനാണ് ബിജു. വാമനപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരി ഹര്‍ഷയാണു ഭാര്യ. നാലു വയസുകാരന്‍ നയന്‍, ഒരു വയസുകാരന്‍ നീല്‍ എന്നിവരാണ് മക്കള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.