തൊടുപുഴ: സ്വകാര്യ ഭൂമിയില്‍ കയറിയ കുട്ടിക്കാട്ടാനയ്ക്ക് കിണറിനുള്ളില്‍ വീണ് ദാരുണാന്ത്യം. കിണറില്‍ നിന്നു കുട്ടിയാനയുടെ ജഡം പുറത്തടുക്കാന്‍ പോയ എസ്കവേറ്റര്‍ മറിഞ്ഞ് യുവാവ് മരിച്ചു.
കിണറ്റില്‍ നിന്നു കാട്ടാനക്കുട്ടിയുടെ ജഡം പുറത്തെടുക്കാന്‍ പോയ ജെസിബി മറിഞ്ഞ് മകനായ ജോബിഷ് (28) ആണ് മരിച്ചത്. ആന കിണറ്റിൽ വീണ വീടിന്റെ ഉടമസ്ഥൻ കുളമ്പേൽ ജോസഫിന്റെ സഹോദരന്റെ മകനാണ് ജോബിഷ്. ദുര്‍ഘടമായ വഴിയിലൂടെ പോകുന്നതിനിടെ ജെസിബി മറിയുകയായിരുന്നുവെന്നാണ് വിവരം. പ്രദേശവാസികളായ അഞ്ച് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റിട്ടുമുണ്ട്.
ഇടുക്കി ജില്ലയിലെ മണിയാറന്‍കുടിക്കു സമീപമുള്ള കൈതപ്പാറയിലാണ് മൂന്നുവയസോളം പ്രായമുള്ള പെണ് ആനയെ ഞായറാഴ്ച രാവിലെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സമീപത്തുള്ള വനത്തില്‍ നിന്നു കൈതപ്പാറ സ്വദേശി കുളമ്പേല്‍ ജോസഫിന്റെ പറമ്പില്‍ കയറിയ കാട്ടാനക്കുട്ടി ഭൂമിയിലെ കൃഷിയും വീടും തകര്‍ത്തു. ഇതിനു ശേഷം തിരിയുമ്പോഴാണ് അബദ്ധത്തില്‍ വെള്ളം നിറഞ്ഞ കിണറ്റില്‍ മൂക്കും കുത്തി വീണതെന്നാണ് വനപാലകര്‍ പറയുന്നത്. മൂക്കും കുത്തി ഇടുങ്ങിയ കിണറിനുള്ളിലേക്കു വീണതിനാല്‍ ആനയ്ക്കു രക്ഷപ്പെടാനും കഴിഞ്ഞില്ല.
ഇതിനിടെ കാട്ടാനക്കുട്ടി ചരിഞ്ഞതോടെ വീണ്ടും കാട്ടാനക്കൂട്ടമെത്തി പ്രദേശത്തു നാശം വിതയ്ക്കുമോയെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. തൊടുപുഴ റേഞ്ചിനു കീഴില്‍ ഉള്‍പ്പെടുന്ന വന പ്രദേശത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന 110 ഏക്കര്‍ വിസ്തൃതിയുള്ള പ്രദേശമാണ് കൈതപ്പാറയെന്ന കുടിയേറ്റഗ്രാമം. കാട്ടാനകള്‍ പ്രദേശത്തു വരാറുണ്ടെങ്കിലും ആദ്യമായാണ് വീടു നശിപ്പിച്ചെതെന്നും നാട്ടുകാര്‍.
ഇടുക്കിക്ക് സമീപമുള്ള മണിയാന്‍ കുടി വനത്തിനുള്ളിലൂടെയുള്ള 12 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ദുര്‍ഘടമായ കൂപ്പ് റോഡും തൊടുപുഴ വേളൂര്‍ കൂപ്പ് വഴിയുള്ള ചെറിയ റോഡുമാണ് കൈതപ്പാറയിലേയ്ക്കുള്ള ഏക യാത്രാ മാര്‍ഗം. സംഭവമറിഞ്ഞ് നേര്യമംഗലം ഡിഎഫ്ഒയുടെ നേത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തിയിരുന്നു. കാട്ടാന ആക്രമണത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഇടുക്കിയില്‍ ആനകളുടെ ജീവനും അപകടത്തിലാണ്. കഴിഞ്ഞ വര്‍ഷം മൂന്നാറില്‍ മാത്രം അഞ്ചു കാട്ടാനകളാണ് വിവിധ സാഹചര്യങ്ങളില്‍ ചരിഞ്ഞത്.