മലമ്പുഴ: മോനുവേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണെന്ന് കാല് വഴുതി വീണ് മലമ്പുഴയിലെ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിന്റെ ഉമ്മ. ”മോനുമായി ഫോണില്‍ സംസാരിച്ചിരുന്നു. കാലില്‍ ചെറിയ പരുക്കുണ്ടെന്നാണ് പറഞ്ഞത്. രണ്ട് ദിവസമായി ഉറങ്ങിയിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്,” ഉമ്മ റഷീദ മനോരമ ന്യൂസിനോട് പറഞ്ഞു.
ബാബുവിനെ താഴെയിറക്കാനുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. വടം ഉപയോഗിച്ച് ബാബുവിന്റെ അടുത്തെത്താനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. സൈന്യത്തിന്റെ ഭാഗത്തുനിന്ന് മലയുടെ മുകളില്‍ നിന്നും രക്ഷാപ്രവര്‍ത്തനശ്രമം നടക്കുന്നുണ്ട്.
അതേസമയം, മലയിടുക്കില്‍ ബാബു 40 മണിക്കൂറായി തുടരുകയാണ്. ഇന്ന് പകലോടെ ബാബുവിനെ താഴയിറക്കാന്‍ സാധിക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ പ്രതീക്ഷ. ബാബുവിന് ഭക്ഷണവും വെള്ളവും നല്‍കുന്നതിനാണ് ആദ്യ പരിഗണനയെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിക്കുന്നു. ട്രക്കിങ് വിദഗ്ധരടക്കം സംഭവ സ്ഥലത്തുണ്ട്.
അപകടം നടന്നത്
തിങ്കളാഴ്ച സുഹൃത്തുക്കളായ മറ്റു രണ്ടുപേര്‍ക്കൊപ്പമാണു ബാബു മലകയറാന്‍ പോയത്. ഇവര്‍ രണ്ടുപേരും മലകയറ്റം പാതിവഴിയില്‍ നിര്‍ത്തി തിരിച്ചിറങ്ങി. ബാബു മലയുടെ മുകളിലേക്കു പോയി. കാല്‍തെറ്റി പാറയിടുക്കിലാണു ബാബു വീണത്. വീഴ്ചയില്‍ കാലിന് പരുക്കേറ്റു. വീണ കാര്യം ബാബു തന്നെ ഫോണില്‍ വിളിച്ച് സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫൊട്ടോ എടുത്ത് സുഹൃത്തുക്കള്‍ക്കും പൊലീസിനും അയച്ചു നല്‍കുകയും ചെയ്തു.
സുഹൃത്തുക്കൾ മലയ്ക്കു മുകളിലെത്തി മരവള്ളികളും വടവും ഇട്ടു നല്‍കിയെങ്കിലും ബാബുവിനെ കയറ്റാനായില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി രക്ഷാപ്രവര്‍ത്തകര്‍ ബാബുവിന്റെ അടുത്തെത്തി സംസാരിച്ചിരുന്നു. വെളിച്ചക്കുറവും ഭൂമിയുടെ കിടപ്പുവശവും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായതോടെ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.
Also Read: ബാബുവിന് അരികിലേക്ക് രക്ഷാപ്രവര്‍ത്തന സംഘം; ഉടന്‍ താഴെയിറക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ