പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് സുഹൃത്തിന്റെ മൊഴി. മോഷണക്കേസിൽ പിടിയിലായ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി ഫിറോസാണ് സുഹൃത്ത് ലക്കിടി സ്വദേശിയായ ആഷിക്കിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് പൊലീസിന് മൊഴിനൽകിയത്.
2015ൽ നടന്ന മോഷണക്കേസിൽ അറസ്റ്റിലായി ചോദ്യം ചെയ്തു വരുന്നതിനിടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. കേസിൽ കൂട്ടുപ്രതിയും സുഹൃത്തുമായ ആഷിക്കിനെ രണ്ടുമാസം മുൻപ് കൊലപ്പെടുത്തി അഴിക്കലപ്പറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ടെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. പൊലീസ് നടത്തിയ പരിശോധനയിൽ കുഴിച്ചിട്ടെന്ന് പറയുന്ന സ്ഥലത്ത് നിന്ന് മൃതദേഹവശിഷ്ടങ്ങൾ കണ്ടെത്തി.
ഷൊര്‍ണ്ണൂര്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ ഒറ്റപ്പാലം, പട്ടാമ്പി പൊലീസും ഡോഗ് സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്. ലഭിച്ച മൃതദേഹ അവശിഷ്ടങ്ങൾ ആഷിഖിന്റെത് തന്നെയാണോ എന്ന് തിരിച്ചറിയേണ്ടതുണ്ട്. പണം വീതംവയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലയിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.