scorecardresearch

കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവം: മൂന്നു പേര്‍ പിടിയില്‍

പുലര്‍ച്ചെ പാര്‍ട്ടി കഴിഞ്ഞ് വരികയായിരുന്നു ശ്യാമും സുഹൃത്ത് അരുണും

കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവം: മൂന്നു പേര്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. നെട്ടൂര്‍ സ്വദേശി ഹര്‍ഷാദ്, മരട് സ്വദേശി സുധീര്‍, കുമ്പളം സ്വദേശി തോമസ് എന്നിവരാണ് പിടിയിലായത്. കൊച്ചി സൗത്ത് പാലത്തിന് സമീപം കളത്തിപറമ്പില്‍ റോഡില്‍ പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു സംഭവം. ഇവിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് കൊലപാതകം നടന്നത്. വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പരുക്കേറ്റ ജോസഫ് എന്നയാളെയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പുലര്‍ച്ചെ പാര്‍ട്ടി കഴിഞ്ഞ് വരികയായിരുന്നു ശ്യാമും സുഹൃത്ത് അരുണും. ഇരുവരും മദ്യലഹരിയിലായിരുന്നു. സൗത്ത് പാലത്തിന് സമീപം കുറച്ചാളുകള്‍ കുടിനില്‍ക്കുന്നത് കണ്ട് അവിടെക്ക് ചെന്നു എന്നാണ് പൊലീസ് പറയുന്നത്. പിന്നീട് വാക്ക് തര്‍ക്കവും സംഘര്‍ഷവുമായി. സംഘര്‍ഷത്തിനിടെ ശ്യാമിനും സുഹൃത്ത് അരുണിനും കുത്തേല്‍ക്കുകയായിരുന്നു. ഇരുവരേയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടരയോടെ ശ്യാമിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം സിസിറ്റിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആക്രമണം നടന്ന സ്ഥലത്ത് രണ്ട് മണിക്ക് ശേഷം മൂന്ന് പേര്‍ ഒരു വാഗണ്‍ ആര്‍ കാറില്‍ കയറുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. കൊല്ലപ്പെട്ട ശ്യാം വരാപ്പുഴ സ്വദേശിയാണ്. കുത്തേറ്റ അരുണ്‍ അപകടനില തരണം ചെയ്തതായാണ് വിവരം. സംഘര്‍ഷത്തിനിടെ കുത്തേറ്റ മൂന്നാമന്‍ ജോസഫ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം മുങ്ങിയിരുന്നു. ഇയാളെയാണ് പൊലീസ് കണ്ടെത്തിയത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Youth murder in kochi three under custody