തിരുവനന്തപുരം: കന്യാകുമാരിയിൽ യുവാവിന്റെ മൃതദേഹം ചുട്ടെരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം തെളിഞ്ഞു. മോഷണ മുതൽ പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ സഹൃത്തുക്കൾ കൊന്നു ചുട്ടെരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഠിനകുളം സ്വദേശി ആകാശിനെയാണ് സുഹൃത്തുക്കൾ വിഷം കൊടുത്ത് കൊന്നശേഷം കന്യാകുമാരിയിൽ കൊണ്ടുപോയി മൃതദേഹം ചുട്ടെരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയുടെ കാമുകിയെ ഷാഡോ പൊലീസ് പിടികൂടി.

ഏപ്രിൽ ഒന്നിനാണ് കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമം സ്റ്റേഷൻ പരിധിയിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മഞ്ഞതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മൃതദേഹത്തിലെ ടാറ്റു ആയിരുന്നു ആളെ തിരിച്ചറിയാനുണ്ടായിരുന്ന ഏക അടയാളം. യുവാവ് മലയാളി ആണെന്ന സംശയത്തെ തുടർന്ന് തമിഴ്നാട് പൊലീസ് കേരളത്തിലെത്തി അന്വേഷണം നടത്തി.

ഈ സമയത്താണ് ബൈക്ക് മോഷ്ടാവായ ആകാശിനെ തേടി സിറ്റി ഷാഡോ പൊലീസ് അന്വേഷണം തുടങ്ങുന്നത്. ഇതിനിടയിലാണ് മറ്റൊരു ബൈക്ക് മോഷ്ടാവായ അനു അജുവും കാണാതായ ആകാശും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് മനസ്സിലാക്കിയത്. അനുവിന്റെ കാമുകി രേഷ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു

മോഷണ മുതൽ പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് ആകാശിനെ കൊലപ്പെടുത്തിയതെന്ന് രേഷ്മ പൊലീസിനോട് പറഞ്ഞു. അനുവിന്റെ വീട്ടിൽ ആകാശിനെ വിളിച്ചുവരുത്തിയത് രേഷ്മയാണ്. അവിടെ വച്ച് ആകാശിന് മദ്യത്തിൽ മയക്കുമരുന്ന് കൊടുത്തു. ബോധരഹിതനായപ്പോൾ രേഷ്മയുടെ ഷോൾ ഉപയോഗിച്ച് കൊലപ്പെടുത്തി. അതിനുശേഷം മൃതദേഹം കാറിൽ കന്യാകുമാരിയിൽ കൊണ്ടുപോയി ചുട്ടരിച്ചുവെന്ന് സിറ്റി പൊലീസ് കമ്മിഷണർ പി.പ്രകാശ് പറഞ്ഞു. .

ഒന്നാം പ്രതി അനുവിന്റെ അമ്മ അൽഫോൺസയ്ക്കും സംഭവത്തിൽ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതി അനു അജു ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.