കാസര്‍ഗോഡ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിവൈഎഫ്‌ഐ നടത്തിയ യൂത്ത് മാര്‍ച്ചിന്  രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് അഭിവാദ്യവുമായി യൂത്ത് ലീഗ്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം കാസര്‍ഗോഡ് പയ്യങ്കിയിലാണ് ഡിവൈഎഫ്ഐ മാര്‍ച്ചിന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അണിനിരന്ന് അഭിവാദ്യമര്‍പ്പിച്ചത്. മാർച്ച് കടന്നുപോകുന്ന വഴിയിൽ അണിനിരന്ന ലീഗ് പ്രവർത്തകർ പാർട്ടി പതാക ഉയർത്തി കാണിച്ച് അഭിവാദ്യമർപ്പിച്ചു. “അഭിവാദ്യങ്ങൾ..അഭിവാദ്യങ്ങൾ..യൂത്ത് മാർച്ചിന് അഭിവാദ്യങ്ങൾ..യൂത്ത് ലീഗിൻ അഭിവാദ്യങ്ങൾ..ഫാസിസത്തെ പ്രതിരോധിക്കാൻ യൂത്ത് മാർച്ചിന് അഭിവാദ്യങ്ങൾ” എന്നീ മുദ്രാവാക്യങ്ങളോടെയായിരുന്നു ഐക്യദാർഢ്യം.

Read Also: ഒന്‍പത് സെക്കൻഡ് ..17 നില കെട്ടിടം മൂക്കുകുത്തി, വീഡിയോ

നേരത്തെ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഡിവൈഎഫ്ഐ റാലിക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അഭിവാദ്യമര്‍പ്പിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ തങ്ങളുടെ പോരാട്ടത്തിന് യൂത്ത് ലീഗ് പിന്തുണ ലഭിക്കുന്നത് ഏറെ സന്തോഷകരമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ എസ്.കെ.സജീഷ് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിൽ സിപിഎമ്മിനോടും ഇടതുപക്ഷത്തോടും സ്വീകരിക്കുന്ന നിലപാടിനെച്ചൊല്ലി യുഡിഎഫിൽ ഭിന്നതയുണ്ട്. മുസ്‌ലിം സംഘടനകൾ പിണറായി വിജയന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്ന തരത്തിൽ പ്രതികരണങ്ങൾ നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ഡിവെെഎഫ്ഐ മാർച്ചിന് യൂത്ത് ലീഗ് അഭിവാദ്യമർപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.