scorecardresearch
Latest News

സര്‍ക്കാരിനെതിരായ യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം; യുദ്ധക്കളമായി സെക്രട്ടേറിയറ്റ് പരിസരം

പ്രതിഷേധക്കാര്‍ അക്രമാസക്തമായതോടെ പൊലീസ് ലാത്തി വീശി

Youth League Protest

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് ലീഗ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങളുമായി എത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ചു. പൊലീസ് പ്രതിരോധിച്ചതോടെയാണ് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് എത്തിയത്.

പൊലീസിന് നേരെ കല്ലേറുണ്ടായി. കൊടികള്‍ കെട്ടിയ പ്ലാസ്റ്റിക്ക് പൈപ്പുകള്‍ പൊലീസിന് നേരെ പ്രവര്‍ത്തകര്‍ എറിഞ്ഞു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിനിടെ കൂടുതല്‍ പേര്‍ പൊലീസിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ പൊലീസിന് കണ്ണീര്‍ വാതകവും ലാത്തി ചാര്‍ജും പ്രയോഗിക്കേണ്ടി വന്നു.

പൊലീസിന്റെ ഭാഗത്തു നിന്നാണ് ആദ്യം പ്രകോപനം ഉണ്ടായതെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് ആരോപിച്ചു. “പലരുടേയും തലയ്ക്കാണ് പരുക്കേറ്റിരിക്കുന്നത്. ഭിന്നശേഷിയുള്ള വ്യക്തിയാണെന്ന് പറഞ്ഞിട്ട് പോലും വെറുതെ വിട്ടില്ല. പൊലീസ് കാണക്കേണ്ട ഒരു മര്യാദയും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല,” ഫിറോസ് പറഞ്ഞു.

“ഒരു പ്രതിഷേധ മാര്‍ച്ച് ആകുമ്പോള്‍ ബാരിക്കേഡുകള്‍ മറികടക്കാനുള്ള ശ്രമം സ്വഭാവികമായും ഉണ്ടാകും. എന്നാല്‍ ബാരിക്കേഡിന് മുകളിലെത്തിയ പ്രവര്‍ത്തകരെ മര്‍ദിച്ചത് പൊലീസാണ്. പൊലീസിന്റെ ഭഗത്ത് നിന്ന് മനപൂര്‍വമുള്ള ആക്രമണങ്ങള്‍ ഉണ്ടായി. ലാത്തികൊണ്ട് തലയ്ക്കടിക്കുകയും കുത്തുകയും ചെയ്തു, ഇ സമരം സംസ്ഥാനമാകെ വ്യാപിപ്പിക്കാന്‍ യൂത്ത് ലീഗ് ഉണ്ടാകും,” ഫിറോസ് കൂട്ടിച്ചേര്‍ത്തു.

മ്യൂസിയം ജങ്ഷനില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് മുസ്ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ പി കെ കുഞ്ഞാലിക്കുട്ടിയാണ് ഉദ്ഘാടനം ചെയ്തത്. കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗത്തിന് ശേഷം രണ്ടാം ഘട്ടത്തിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം കടുപ്പിക്കുകയും പൊലീസിനെ പ്രകോപിപ്പിക്കുകയും ചെയ്തത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Youth league protest against government at secretariat