തിരുവനന്തപുരം: വാഹനം മാറ്റിയിടുന്നതിനെ ചൊല്ലിയുളള തർക്കത്തിന് പിന്നാലെ യുവാവിനെ ഡിവൈഎസ്പി റോഡിലേക്ക് തളളിയിട്ടു. എതിരെ വന്ന കാറിടിച്ച് യുവാവ് മരിച്ചു. പിന്നാലെ ഡിവൈഎസ്‌പി ഒളിവിൽ പോയി. ഡിവൈഎസ്‌പിക്ക് എതിരെ നെയ്യാറ്റിൻകര പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

നെയ്യാറ്റിൻകര ഡിവൈഎസ്‌പി ഹരികുമാറാണ്, നെയ്യാറ്റിന്‍കര കാവുവിള സ്വദേശി സനലി(32) നെ തളളിയിട്ടത്. ഡിവൈഎസ്പി ഹരികുമാര്‍ നെയ്യാറ്റിന്‍കര കൊളങ്ങാവിളയില്‍ ഒരു വീട്ടിലെത്തിയതായിരുന്നു. ഇവിടെ നിന്നും തിരികെ പോകുന്നതിനിടെ ഡിവൈഎസ്പിയുടെ കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്.

ഇന്നലെ രാത്രി 11നായിരുന്നു സംഭവം. ഡിവൈഎസ്പി ഹരികുമാർ ജുവലറി ഉടമയായ കൊടങ്ങാവിള സ്വദേശി ബിനുവിന്റെ വീട്ടിൽ പോയി മടങ്ങുമ്പോഴായിരുന്നു സംഭവം. സമീപത്തെ ഒരു വീടിന് മുന്നിൽ മറ്റ് വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത വിധം കാർ പാർക്കു ചെയ്‌ത ശേഷമാണ് ഡിവൈഎസ്പി പോയത്.

കുറച്ച് കഴിഞ്ഞ് തിരിച്ചെത്തിയ ഡിവൈഎസ്പി‌യും സമീപവാസിയായ സനലും തമ്മിൽ ഇതു സംബന്ധിച്ച് വാക്ക് തർക്കമുണ്ടായി. മഫ്‌തിയിലായതിനാൽ ഡിവൈഎസ്പിയെ തിരിച്ചറിയാൻ സനലിന് കഴിഞ്ഞില്ല. തർക്കത്തിനിടെ ഡിവൈഎസ്പി ഹരികുമാർ സനലിനെ റോഡിലേക്ക് പിടിച്ച് തള്ളുകയായിരുന്നു. റോഡിലേക്ക് വീണ സനലിനെ മറ്റൊരു കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു

അപകടം നടന്ന കുറച്ച് നേരത്തേക്ക് സനലിന് ജീവനുണ്ടായിരുന്നതായി പറയപ്പെടുന്നു. തുടര്‍ന്ന് നെയ്യാറ്റിന്‍കര എസ്ഐയും സംഘവും എത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ