കൊച്ചി: എറണാകുളം നായരമ്പലത്ത് യുവാവിനെ സുഹൃത്ത് കൊല്ലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. നായരമ്പലം സ്വദേശിയായ സനോജാണ് മരിച്ചത്. 44 വയസായിരുന്നു. സനോജിനെ കൊലപ്പെടുത്തിയ അനില്‍ കുമാര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇന്നലെ രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം.
വാഹനസംബന്ധമായ തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സനോജ് അനില്‍കുമാറിന്റെ വാഹനം വാങ്ങിയിരുന്നെങ്കിലും ഉടമസ്ഥാവകാശം കൈമാറാന്‍ അനില്‍ കുമാര്‍ തയാറായിരുന്നില്ല. ഇത് പിന്നീട് തര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നു.
സനോജിന്റെ നെഞ്ചിലായാണ് കുത്തേറ്റത്. ബോധരഹിതനായ സനോജിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞാറയ്ക്കല്‍ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തതും അനില്‍കുമാറിനെ കസ്റ്റഡിയിലെടുത്തതും.
ഇന്നലെ തിരുവനന്തപുരത്തും അട്ടക്കുളങ്ങരയില്‍ യുവാവ് ആക്രമണത്തിന് ഇരയായിരുന്നു. അട്ടക്കുളങ്ങര ജങ്ഷനില്‍ വച്ച് പൂജപ്പുര സ്വദേശിയായ മുഹമ്മദ് അലി എന്ന യുവാവിനെ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. മുഹമ്മദ് അലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.