കോട്ടയം: പ്രണയിച്ച് വിവാഹം ചെയ്തതിന് നവരനെ അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ച് കടന്ന് തട്ടിക്കൊണ്ടു പോയതായി പരാതി. കോട്ടയം മാന്നാനത്താണ് സംഭവം. അര്‍ധരാത്രി മാരകായുധങ്ങളുമായെത്തിയ സംഘം യുവാവിനേയും സുഹൃത്തിനേയും തട്ടിക്കൊണ്ടു പോവുകയായിരുന്നു.
അതേസമയം, സംഭവത്തില്‍ പരാതിപെട്ടിട്ടും പൊലീസ് അന്വേഷിച്ചില്ലെന്ന് ആരോപിച്ച് യുവതി പൊലീസ് സ്റ്റേഷനില്‍ തുടരുകയാണ്. തന്റെ സഹോദരനാണ് ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയതെന്നു യുവതി പറയുന്നു. മാന്നാനം സ്വദേശിയായ കെവിനെയാണ് തട്ടിക്കൊണ്ടു പോയത്.
യുവാവിനൊപ്പം തട്ടിക്കൊണ്ടു പോയ സുഹൃത്ത് അനീഷിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. തട്ടിക്കൊണ്ടു പോയ വാഹനത്തിന്റെ നമ്പര്‍ സഹിതം പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നാണ് യുവതിയും ബന്ധുക്കളും ആരോപിക്കുന്നത്.
യുവതി ഇപ്പോഴും ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു ഇരുവരുടേയും വിവാഹം. ഇതില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് എതിര്‍പ്പുണ്ടായിരുന്നുവെന്നും യുവതി പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായാണ് പൊലീസ് പറയുന്നത്.