കൊച്ചി: പാലാരിവട്ടത്ത് യുവാവ് അപകടത്തിൽ മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ എന്തുകൊണ്ട് ക്രിമിനൽ കേസെടുത്തില്ലന്ന് ഹൈക്കോടതി. റോഡ് അറ്റകുറ്റപ്പണിയിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കാൻ പൊതുമരാമത്ത് വകുപ്പിന് ഹൈക്കോടതി നിർദേശം നൽകി.
യുവാവ് അപകടത്തിൽ മരിച്ച സംഭവത്തിൽ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ നിർദേശം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി ആരംഭിച്ചിട്ടുണ്ടന്ന് സർക്കാർ അറിയിച്ചു.
റോഡ് ആർക്കും എപ്പോൾ വേണമെങ്കിലും കുത്തിപ്പൊളിക്കാനാവുമോ എന്ന് കോടതി ആരാഞ്ഞു. ഇതിന് വ്യവസ്ഥയില്ലേയെന്നും കോടതി ചോദിച്ചു. ആർക്കും എന്തും ആവാമെന്ന സ്ഥിതിയാണ്. ഉദ്യോഗസ്ഥർ ക്രിമിനലായും സിവിലായും നടപടിക്ക് യോഗ്യരാണ്. ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്ന് സർക്കാർ നഷ്ടപരിഹാരം ഈടാക്കാൻ സർക്കാർ തയാറാവണം. നിശ്ചിത തുക ഈടാക്കണമെന്നും കോടതി വാക്കാൽ പരാമർശിച്ചു. റോഡിൽ വീണ് ഒരാൾ പോലും ഇനി മരിക്കാൻ ഇടവരരുതെന്നും കോടതി ഓർമ്മിപ്പിച്ചു.
Read More: കേസുകൾ കെട്ടിക്കിടക്കുന്നത് ജഡ്‌ജിമാരുടെ കുറ്റമാണോ?; കോടതിക്കെതിരെ സുധാകരൻ
പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം റോഡിലെ ബോർഡിൽ തട്ടിവീണ് ലോറിയിടിച്ചായിരുന്നു കൂനമാവ് സ്വദേശി യദുലാൽ (23) മരിച്ചത്. കുഴി മറയ്ക്കുന്നതിനായി വച്ചിരുന്ന ബോർഡിൽ തട്ട വീണ യദുലാലിന്റെ ശരീരത്തിലൂടെ ലോറി കയറിയാണ് അപകടമുണ്ടായത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിൽ കോടതി സർക്കാരിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇരുചക്ര യാത്രികരും കാൽനട യാത്രക്കാരും അപകടത്തിൽപ്പെട്ട് ജീവൻ പൊലിയാൻ കാരണം ബന്ധപ്പെട്ട അധികൃതരുടെ അലംഭാവമാണന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പാലാരിവട്ടത്ത് ബെെക്ക് യാത്രികൻ കുഴിയിൽവീണ് മരിച്ച സംഭവത്തിൽ നിരാശ രേഖപ്പെടുത്തിയ കോടതി അധികൃതർ ആലസ്യത്തിലാണോയെന്നും ചോദിച്ചിരുന്നു.
Read More: കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ: സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചിയിലെ റോഡുകളുടെ അവസ്ഥ തീർത്തും മോശമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിരന്തരം ഉത്തരവിറക്കുന്നതല്ലാതെ നടപടിയൊന്നുമില്ല. സർക്കാർ കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ല. വിവാദം ഉണ്ടാക്കാൻ താൽപ്പര്യമില്ല. ഉദ്യോഗസ്ഥരെ വിശ്വാസമില്ലെന്നും കോടതി പറഞ്ഞിരുന്നു. മരിച്ച യുവാവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകുമെന്ന് എജി കോടതിയെ അറിയിച്ചിരുന്നു.
കാറിൽ സഞ്ചരിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇരുചക്രവാഹന യാത്രാക്കാരുടെയും കാൽനടയാത്രക്കാരുടെയും ദുരിതം മനസിലാവുന്നില്ല. ഇത് പെട്ടെന്നുണ്ടായ കേസല്ല. നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച് പതിനൊന്ന് വർഷമായി കോടതിയിൽ കേസുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കുടുംബം പോറ്റാൻ അന്നം തേടിപ്പോയ ചെറുപ്പക്കാരനാണ് ദാരുണമായി മരിച്ചത്. ഇനി എത്ര പേരുടെ ജീവൻ പൊലിയാനാണ് സർക്കാർ കാത്തിരിക്കുന്നത്. ഉദ്യോഗസ്ഥർക്ക് ജനങ്ങളോട് പ്രതിബദ്ധതയില്ലെന്നും കോടതി പരിതപിച്ചിരുന്നു.