scorecardresearch
Latest News

ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള പരിപാടിയിൽനിന്ന് യൂത്ത് കോൺഗ്രസ് പിന്മാറി, വിവാദം

പെട്ടെന്നുള്ള പിന്മാറ്റത്തിന്റെ കാരണത്തെക്കുറിച്ച് സംസ്ഥാന കോൺഗ്രസോ യൂത്ത് കോൺഗ്രസോ വിശദീകരിച്ചിട്ടില്ല

ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള പരിപാടിയിൽനിന്ന് യൂത്ത് കോൺഗ്രസ് പിന്മാറി, വിവാദം

തിരുവനന്തപുരം: ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറിൽനിന്നും യൂത്ത് കോൺഗ്രസ് പിന്മാറി. ‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്ന വിഷയത്തിൽ ഇന്ന് കോഴിക്കോട് ആയിരുന്നു സെമിനാർ തീരുമാനിച്ചിരുന്നത്. പെട്ടെന്നുള്ള പിന്മാറ്റത്തിന്റെ കാരണത്തെക്കുറിച്ച് സംസ്ഥാന കോൺഗ്രസോ യൂത്ത് കോൺഗ്രസോ വിശദീകരിച്ചിട്ടില്ല. എന്നാൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ നിർദേശപ്രകാരമാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ നിന്ന് പിന്മാറിയെന്നാണ് പാർട്ടി വൃത്തങ്ങൾ അവകാശപ്പെടുന്നത്.

യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയായിരുന്നു പരിപാടിയുടെ സംഘാടകർ. നാല് ദിവസം വടക്കൻ കേരളത്തിൽ പര്യടനം നടത്തുന്ന ശശി തരൂരിന്റെ പരിപാടികളിൽ ഒന്നായിരുന്നു ഇത്. പരിപാടിയിൽ ആതിഥേയത്വം വഹിക്കുന്നതിൽ നിന്ന് പിന്മാറാനുള്ള യൂത്ത് കോൺഗ്രസിന്റെ തീരുമാനത്തിന് സാങ്കേതിക കാരണങ്ങളല്ലാതെ മറ്റൊരു കാരണവും പറഞ്ഞിട്ടില്ലെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം, പരിപാടി റദ്ദാക്കിയിട്ടില്ല. യൂത്ത് കോൺഗ്രസ് പിന്മാറിയ സാഹചര്യത്തിൽ കോൺഗ്രസ് അനുകൂല സാംസ്കാരിക സംഘടനയായ ജവഹർ യൂത്ത് ഫൗണ്ടേഷൻ പരിപാടിയുടെ നടത്തിപ്പ് ഏറ്റെടുത്തിട്ടുണ്ട്.

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ തരൂരിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച എം.കെ.രാഘവന്‍ എംപി പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം, പരിപാടിയുടെ യൂത്ത് കോൺഗ്രസ് പട്ടികയിൽ നേരത്തെ ഇടം നേടിയ പാർട്ടിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റ് പ്രവീൺ കുമാർ, ജവഹർ യൂത്ത് ഫൗണ്ടേഷൻ നടത്തുന്ന അതേ പരിപാടിയിൽ ഇല്ല.

യൂത്ത് കോൺഗ്രസിന്റെ പിന്മാറ്റത്തെ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ഘടകം വൈസ് പ്രസിഡന്റും മുൻ നിയമസഭാംഗവുമായ കെ.എസ്.ശബരിനാഥൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

“സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിൽ യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്താൻ ഉദ്ദേശിച്ചിരുന്ന പ്രോഗ്രാം കോൺഗ്രസ് പാർട്ടിയുടെ നിലപാട് തന്നെയാണ്. മലബാറിന്റെ മണ്ണിൽ കോൺഗ്രസിന്റെ മതേതര സ്വഭാവം ഉയർത്തികാട്ടുവാൻ ഈ പ്രോഗ്രാമിലൂടെ ഡോ.ശശി തരൂരിന് കഴിയുമായിരുന്നു. എന്നാൽ ഈ പ്രോഗ്രാം മാറ്റുവാൻ ചില കേന്ദ്രങ്ങളിൽ നിന്ന് നിർദേശം വന്നുവെന്ന് മാധ്യമങ്ങൾ മുഖാന്തരം അറിഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയുടെ മണ്ണിൽ സവർക്കർക്കെതിരെ ഇന്നലെ രാഹുൽ ഗാന്ധി മുഖം നോക്കാതെ നടത്തിയ പ്രസ്താവനകൾ പാർട്ടിക്ക് ആവേശം നൽകുമ്പോൾ ഇവിടെ എന്തിനാണ് ഈ നടപടി? സമാനമായ ആശയമല്ലേ ഈ വേദിയിൽ കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് എംപിയായി മൂന്ന് വട്ടം വിജയിച്ച ശ്രീ ശശി തരൂരും പങ്കിടുമായിരുന്നത്…അത് കോൺഗ്രസിന് നൽകുന്ന രാഷ്ട്രീയ പ്രാധാന്യം എന്ത് മികവുറ്റതാകുമായിരുന്നു,” ശബരീനാഥ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

അഭിഭാഷകരുടെ പ്രൊഫഷണൽ അസോസിയേഷനായ കോൺഗ്രസ് അനുകൂല ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് ഞായറാഴ്ച കോഴിക്കോട് സംഘടിപ്പിക്കുന്ന മറ്റൊരു പരിപാടിയിൽ തരൂർ പങ്കെടുക്കുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. യുഡിഎഫ് സഖ്യകക്ഷിയായ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിൽ വരും ദിവസങ്ങളിൽ തരൂർ പങ്കെടുക്കും. ഇതിനു പുറമെ എഴുത്തുകാരൻ എം.ടി.വാസുദേവൻ നായർ അടക്കമുള്ള പ്രമുഖ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക വ്യക്തികളുമായും ശശി തരൂർ കൂടിക്കാഴ്ച നടത്തും.

ശനിയാഴ്ച വൈകീട്ട് കോഴിക്കോട് എംപി രാഘവനൊപ്പം താമരശ്ശേരി കത്തോലിക്കാ രൂപതാ ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലുമായി തരൂർ കൂടിക്കാഴ്ച നടത്തി. കർഷകരുടെ പ്രശ്നങ്ങൾ പൊതുവേദികളിൽ ഉയർത്തിക്കാട്ടിയ ബിഷപ്പ് ആണ് അദ്ദേഹം. ക്രിസ്ത്യൻ സമുദായത്തിലെ കർഷകരുടെ പിന്തുണ നേടിയെടുക്കുക എന്നതാണ് ബിഷപ്പുമായുള്ള തരൂരിന്റെ കൂടിക്കാഴ്ചയ്ക്കുള്ള പിന്നിലുള്ള ഉദ്ദേശ്യമെന്ന് വ്യക്തം. രാഹുൽ ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിൽ വരുന്ന തിരുവമ്പാടി നിയമസഭാ മണ്ഡലത്തിൽ താമരശേരി ബിഷപ്പിന് വലിയ സ്വാധീനമുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Youth congress withdraws from hosting shashi tharoor in kerala event