തിരുവനന്തപുരം: ലോക്‌സഭാ എംപി രമ്യ ഹരിദാസിന് കാർ വാങ്ങാന്‍ പിരിച്ചെടുത്ത തുക തിരികെ നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഇതുവരെ പിരിച്ചെടുത്തത് 6.13 ലക്ഷം രൂപയാണ്. എന്നാല്‍ കാര്‍ വേണ്ടെന്ന് രമ്യ അറിയിച്ചതിനെ തുടര്‍ന്ന് തീരുമാനത്തില്‍ നിന്നും പിന്‍മാറുന്നതായി യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം കമറ്റി.

അതേസമയം, പുറമെ അപവാദ പ്രചാരണം നടത്തിയതിന് ബിനീഷ് കോടിയേരിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാനും പാര്‍ലമെന്റ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. രമ്യയ്ക്ക് കാറ് വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് പിരിവ് നടത്തിയത് വന്‍ വിവാദമായി മാറിയിരുന്നു. എതിര്‍ പാര്‍ട്ടികളില്‍ നിന്നും സ്വന്തം പ്രവര്‍ത്തകരില്‍ നിന്നുമെല്ലാം എതിര്‍ സ്വരം ഉയര്‍ന്നിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രനും തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

യൂത്ത് കോണ്‍ഗ്രസ് കാര്‍ വാങ്ങി നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അവസാനം കുറിച്ച് ആലത്തൂര്‍ എംപി രമ്യ ഹരിദാസ് നേരത്തെ രംഗത്തെത്തിയിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഇത് സംബന്ധിച്ച നിര്‍ദേശം അനുസരിക്കുമെന്ന് രമ്യ ഹരിദാസ് പറഞ്ഞു. പൊതുജീവിതം സുതാര്യമായിരിക്കണമെന്നതു വ്രതവും ശപഥവുമാണെന്നും രമ്യ ഹരിദാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എന്നെ ഒരുപാട് സ്‌നേഹിക്കുന്ന സഹോദരങ്ങളോടുള്ള അപേക്ഷയാണെന്നും അവര്‍ക്ക് എന്റെ തീരുമാനം ഇഷ്ടപ്പെട്ടെന്ന് വരില്ലെന്നും രമ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ജീവിതത്തില്‍ ഒരുപാട് പ്രായാസങ്ങളിലൂടെ കടന്നുപോയ തനിക്ക് അല്‍പമെങ്കിലും ആശ്വാസവും സ്‌നേഹവും ലഭിച്ചത് ഈ പൊതുജീവിതത്തിന്റെ ഇടങ്ങളില്‍ ആണ്. അവിടെ എന്റെ പൊതു ജീവിതം സുതാര്യമായിരിക്കണമെന്നുള്ളത് തന്റെ വ്രതവും ശപഥവുമാണെന്ന് രമ്യ കുറിച്ചു.

കൂടപ്പിറപ്പുകളില്‍ ഒരാള്‍ സംസ്ഥാനത്തെ യുവതയ്ക്ക് വേണ്ടി ജീവന്‍ പണയം വച്ച് സമരം ചെയ്യുമ്പോള്‍ നമ്മുടെ കണ്ണും കാതും എല്ലാം ആ പോരാട്ടത്തിന് മധ്യേ ആയിരിക്കണമെന്നും രമ്യ പറഞ്ഞു.

രമ്യ ഹരിദാസിന് 14 ലക്ഷം രൂപയുടെ വാഹനം വാങ്ങി നല്‍കുന്നതിന് 1000 രൂപയുടെ കൂപ്പണ്‍ അച്ചടിച്ച് പിരിവ് നടത്താനുള്ള യൂത്ത് കോണ്‍ഗ്രസ് തീരുമാനമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിനെതിരെ നിരവധി ആളുകളും കെപിസിസി പ്രസിഡന്റും രംഗത്തെത്തിയിരുന്നു. രമ്യയുടെ സ്ഥാനത്ത് താനാണെങ്കില്‍ ആ പണം സ്വീകരിക്കില്ലെന്നും എംപിമാര്‍ക്കു വാഹനം വാങ്ങുന്നതിനായി വായ്പ ലഭിക്കുമെന്നും രമ്യയ്ക്ക് ഇപ്പോള്‍ വായ്പ തിരിച്ചടയ്ക്കാനുള്ള സാഹചര്യമുണ്ടെന്നുമാണ് മുല്ലപ്പള്ളി പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.