തിരുവനന്തപുരം: മന്ത്രി എംഎം മണിയെ അടിയന്തരമായി ചങ്ങലയ്ക്കിടണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. മന്ത്രിയുടെ മനോനില തെറ്റിയെന്നും ഡീന്‍ കൂട്ടിച്ചേര്‍ത്തു. മണിയുടെ പ്രതികരണം ജനാധിപത്യ വ്യവസ്ഥയ്ക്ക് യോജിച്ചതല്ലെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ വ്യക്തമാക്കി. സിപിഎം-സിപിഐ തര്‍ക്കം കൈയേറ്റക്കാരെ സഹായിക്കാനാണെന്നും ഇത് ഭരണസ്തംഭനം ഉണ്ടാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ മണിയുടെ വിവാദ പ്രസ്താവനയില്‍ സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല.

മതചിഹ്നങ്ങളിരിക്കുന്നതെല്ലാം പട്ടയമില്ലാത്ത സ്ഥലത്താണെന്നും അതെല്ലാം പൊളിക്കാൻ ഇറങ്ങിയാൽ സബ് കലക്ടറെ ഊളമ്പാറയ്ക്ക് വിടണമെന്നാണ് എംഎം മണിയുടെ പരാമര്‍ശം. ആർ എസ് എസ് പറഞ്ഞിട്ടാണ് കലക്ടർ കുരിശ് പൊളിച്ചത്. ആർ എസ് എസ് ഉപജാപം നടത്തിയാണ് ഇത് ചെയ്തത്. സബ് കലക്ടർ ചെയ്യുന്നത് ഉപജാപപ്രവർത്തനമെന്നും മന്ത്രി ആരോപിച്ചു. ആർ എസ് എസ് കാരായ ഒരുത്തരും വേണ്ടെന്നും മണി വ്യക്തമാക്കി.

അയോദ്ധ്യയിൽ പളളി പൊളിച്ചതുപോലെയാണ് കുരിശ് പൊളിച്ചത്. ഞങ്ങൾ സബ് കലക്ടർക്കൊപ്പമല്ല, ജനങ്ങൾക്കൊപ്പമാണെന്നും മണി പറഞ്ഞു.

മൂന്നാറിലെ പാപ്പാത്തിചോലയിൽ കൈയ്യേറി സ്ഥാപിച്ച കുരിശ് ഇടുക്കി ജില്ലാകലക്ടർ ഗോകുലിന്റെയും ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമന്റെയും നേതൃത്വത്തിൽ റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം പൊളിച്ചുമാറ്റിയിരുന്നു. സ്പിരിറ്റ് ഇൻ ജീസസ് എന്ന സംഘടനയാണ് ഇവിടെ കുരിശ് സ്ഥാപിച്ചിരുന്നത് എന്നാണ് റവന്യുവകുപ്പ് നിലപാട്. ഇതിനെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രി മണിയുടെ പ്രസ്താവന.
.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.