കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. പാലയോട് സ്വദേശികളായ സഞ്ജയ്, രജത് എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഗൂഢാലോചന, ആയുധം ഒളിപ്പിക്കല്‍ എന്നിവയില്‍ സഞ്ജയ്‌ക്ക് പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഗൂഢാലോചന നടത്തിയവരില്‍ പ്രധാനിയാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ രക്ഷപെടാന്‍ സഹായിച്ചത് രജത് ആണെന്നാണ് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാൾ കൂടി ഇനിയും പിടിയിലാകാനുണ്ടെന്നാണ് വിവരം.

ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ചെന്നു കരുതുന്ന മൂന്നു വാളുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഷുഹൈബ് കൊല്ലപ്പെട്ട സ്ഥലത്തിനു മൂന്നു കിലോമീറ്റർ അപ്പുറത്തെ വെള്ളപ്പറമ്പ് ചെങ്കൽക്വാറിയിൽ നിന്നാണു ഇവ കണ്ടെടുത്തത്. ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വധവുമായി ബന്ധപ്പെട്ട് ആയുധം കണ്ടെടുക്കാത്തതെന്തെന്നു ഹൈക്കോടതി പൊലീസിനോടു ചോദിച്ചിരുന്നു.

യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂർ സ്കൂൾപറമ്പത്ത് ഹൗസിൽ ഷുഹൈബ് (30) ഫെബ്രുവരി 12 ന് രാത്രിയാണു കൊല്ലപ്പെട്ടത്. കാറിലെത്തിയ ഒരു സംഘം ബോംബെറിഞ്ഞശേഷം ഷുഹൈബിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തെ​രൂ​രി​ൽ ത​ട്ടു​ക​ട​യി​ൽ ചാ​യ കു​ടി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​റി​ലെ​ത്തി​യ സം​ഘം ഷു​ഹൈ​ബി​നെ മാരകമായി വെട്ടിക്കൊലപ്പെടുത്തിയത്. ഷുഹൈബിന്റെ കാലുകളിൽ മാത്രം 37 വെട്ടുകളാണ് ഏറ്റത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ