തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് നടത്തിയ കുത്തിയിരിപ്പ് സമരത്തിൽ നാടകീയ രംഗങ്ങൾ. മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചവർക്കെതിരെ ക്രൂരമായ നടപടികളാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ആരോപിച്ചായിരുന്നു കുത്തിയിരിപ്പ് സമരം. എംഎൽഎമാരായ ഷാഫി പറമ്പിൽ, കെ.എസ്.ശബരീനാഥൻ എന്നിവരാണ് സമരത്തിനു നേതൃത്വം നൽകിയത്.
ഷാഫിയും ശബരീനാഥനും മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പൊലീസ് വാഹനം സമീപത്തേക്ക് വന്നത് തർക്കത്തിനിടയായി. എംഎൽഎമാർക്കു സമീപം ചേർത്തുനിർത്തി പൊലീസ് വാഹനം ഹോൺ അടിക്കുകയായിരുന്നു. വാഹനം തങ്ങളുടെ നെഞ്ചത്ത് കൂടി കയറ്റൂ എന്ന് എംഎൽഎമാർ പറഞ്ഞു. തങ്ങൾ കുത്തിയിരിപ്പ് സമരത്തിൽ നിന്നു പിൻവാങ്ങില്ലെന്നും വേണമെങ്കിൽ പൊലീസ് വാഹനം റിവേഴ്സ് എടുത്ത് പോകട്ടെ എന്നും എംഎൽഎമാർ നിലപാടെടുത്തു.
വർഗീയത പറഞ്ഞും രക്തത്തിൽ കുളിപ്പിച്ചും പ്രതിഷേധം അവസാനിപ്പിക്കാനാകില്ലെന്ന് ഷാഫി പറമ്പില് പറഞ്ഞു. എംഎൽഎമാർ അടക്കമുള്ള പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി.
ലാത്തിച്ചാർജിൽ പരുക്കേറ്റ വി.ടി.ബൽറാം എംഎൽഎ അടക്കമുള്ളവരുടെ ചിത്രം ഉയർത്തിക്കാട്ടിയായിരുന്നു പ്രതിഷേധം.
പ്രതിഷേധങ്ങൾക്കെതിരെ കോടതി
കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചു സമരം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി. കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചുള്ള സമരങ്ങൾക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കേണ്ടത് സർക്കാരാണെന്നു ഹൈക്കോടതി വ്യക്തമാക്കി.
കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചുള്ള പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് വകവയ്ക്കാതെ രാഷ്ട്രീയ പാർട്ടികൾ സമരം തുടരുകയാണന്ന് സർക്കാർ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ വാക്കാൽ പരാമർശം. കോടതി ഉത്തരവ് നടപ്പാക്കാൻ രണ്ടു മാസമായി സ്വീകരിച്ച നടപടികൾ അറിയിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് സർക്കാരിന് നിർദേശം നൽകി. കോടതി ഉത്തരവ് ലംഘിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹർജിക്കാർ സമർപ്പിച്ച സത്യവാങ്മൂലമാണ് കോടതി പരിഗണിച്ചത്.