കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂരിൽ പ്രതിഷേധം. കണ്ണൂർ ഗസ്റ്റ് ഹൗസിനു മുന്നിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ കരിങ്കൊടി പ്രതിഷേധവുമായി എത്തി. ഇരുപതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്.
പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഗസ്റ്റ് ഹൗസിനകത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തളിപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ്-യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ മാർഗമധ്യേ തളാപ്പില്‍വെച്ച് യുവമോർച്ച പ്രവർത്തകരും മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചു.
കണ്ണൂരിൽ മുഖ്യമന്ത്രിയ്ക്ക് പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 700 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ഡിഐജി രാഹുല്‍ ആര്‍.നായരുടെ ചുമതലയിലാണ് സുരക്ഷാക്രമീകരണങ്ങള്‍.
ഇന്നലെ രാത്രി കണ്ണൂരിൽ എത്തിയ മുഖ്യമന്ത്രി സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി പയ്യാമ്പലം ഗവ.ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. നേരത്തെ പിണറായിയിലെ വീട്ടിൽ താമസിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ, പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് താമസം ഗവ.ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു.
Read More: മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ; പ്രതിഷേധിക്കാൻ പ്രതിപക്ഷം