‘ഡിവൈഎഫ്‌ഐയെ കാണാനില്ല’; ലുക്കൗട്ട് നോട്ടീസ് പതിച്ച് കോണ്‍ഗ്രസ്

അതേസമയം, വാളയാർ വിഷയത്തിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്ന് ഡിവെെഎഫ്ഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു

തൃശൂര്‍: വാളയാര്‍ വിഷയത്തില്‍ ഡിവൈഎഫ്‌ഐയെ പരിഹസിച്ച് കോണ്‍ഗ്രസ്. തൃശൂര്‍ സ്വരാജ് റൗണ്ടിലും നഗരപരിസരത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിവൈഎഫ്‌ഐക്കെതിരെ നോട്ടീസ് പതിച്ചു. വാളയാര്‍ വിഷയത്തില്‍ ഡിവൈഎഫ്‌ഐ പ്രതികരിച്ചില്ലെന്ന് ആരോപിച്ച് ലുക്കൗട്ട് നോട്ടീസുകളാണ് പതിച്ചത്.

ഉഗാണ്ട,പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ എന്തു സംഭവിച്ചാലും ഉടൻ പ്രതികരണവുമായി എത്തുന്ന ഡിവൈഎഫ്ഐ നേതാക്കള്‍ വാളയാര്‍ പ്രശ്‌നത്തിൽ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് ചോദിക്കുന്നത്. വാളയാർ വിഷയത്തിൽ പ്രതികരിക്കാതെ ഡിവെെഎഫ്ഐ നാടുവിട്ടിരിക്കുകയാണെന്ന് നോട്ടീസിൽ പരിഹസിച്ചിരിക്കുന്നു. ഡിവൈഎഫ്ഐ നേതാക്കളെ എവിടെയങ്കിലും കണ്ടുകിട്ടിയാല്‍ ഉടൻ എകെജി സെന്ററിൽ ഏല്‍പ്പിക്കണമെന്നും നോട്ടീസില്‍ പറയുന്നു.

Read Also: രണ്ടുപേരെ പ്രണയിക്കുന്നത് എതിര്‍ത്തു; യുവതി അമ്മയെ കൊലപ്പെടുത്തി

അതേസമയം, വാളയാർ വിഷയത്തിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്ന് ഡിവെെഎഫ്ഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വാളയാർ അട്ടപ്പള്ളത്ത് പെൺകുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശിക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേസിലെ പ്രതികൾ രക്ഷപ്പെടാനിടയായ സംഭവം ദൗർഭാഗ്യകരമാണ്. സംഭവത്തെക്കുറിച്ച് കോടതിയെ ബോധ്യപ്പെടുത്തുന്നതിന് അന്വേഷണ ഉദ്യോഗസ്ഥർക്കോ പ്രോസിക്യൂഷനോ എന്തെങ്കിലും വീഴ്‌ച പറ്റിയിട്ടുണ്ടെങ്കിൽ അത് പരിശോധിക്കപ്പെടണം.

കേസിൽ അപ്പീൽ പോകാനുള്ള സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവന സ്വാഗതാർഹമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായ സമീപനമാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. പെൺകുട്ടികളുടെ കുടുംബത്തിന് നീതി കിട്ടണമെന്നാണ് ഡിവൈഎഫ്ഐ നിലപാട്. അതിനായി എല്ലാ തരത്തിലുമുള്ള ഇടപെടൽ നടത്തുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.

Read Also: വാളയാർ കേസിൽ ആരോപണവിധേയനായ പാലക്കാട് ശിശുക്ഷേമ സമിതി ചെയർമാനെ മാറ്റി

വാളയാർ കേസിൽ അപ്പീലിനു പോകുമെന്ന് സർക്കാർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെടും. കേസ് വാദിച്ച പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും. കേസില്‍ പുനര്‍വിചാരണയ്ക്കുള്ള എല്ലാ സാധ്യതകളും സര്‍ക്കാര്‍ ആരായും. നിലവിലെ പ്രോസിക്യൂട്ടറെ മാറ്റുമെന്ന് ഡിജിപി തന്നെയാണ് അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനം.

വാളയാര്‍ പീഡനക്കേസ് പ്രതികളെ വെറുതെവിട്ട നടപടിയില്‍ പ്രതിഷേധം കനക്കുമ്പോള്‍ വിഷയത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയിട്ടുണ്ട്. വാളയാറില്‍ ഇരകളായ പെണ്‍കുട്ടികളുടെ കുടുംബത്തിനു നീതി ലഭ്യമാക്കും. വിഷയത്തില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചെന്നും ഗവര്‍ണര്‍ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Youth congress posted look out notice against dyfi walayar issue

Next Story
Kerala Akshaya Lottery AK-417 Result: അക്ഷയ AK-417 ഭാഗ്യക്കുറി, ഒന്നാം സമ്മാനം കോട്ടയം ജില്ലയിൽ വിറ്റ ടിക്കറ്റിന്Kerala Akshaya Lottery, Kerala Akshaya Lottery result, kerala lottery, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com