തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. സെക്രട്ടറിയേറ്റിലേക്ക് കുപ്പിയേറുണ്ടായി. ഇതോടെ പൊലീസ് ലാത്തി വീശി. പ്രവർത്തകർക്ക് നേരെ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു.
സംഘർഷത്തിൽ വനിതാ പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് ബാരിക്കേഡ് തകർത്ത് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ, ശബരിനാഥൻ എന്നിവരുടെ നേതൃത്വത്തിൽ മുന്നോറോളം പ്രവർത്തകരാണ് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയത്. സമാധാനപരമായി സമരം നടത്തുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് ആക്രമിക്കുകയായിരുന്നു എന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. ഒരു പൊലീസുകാരനും പരുക്കേറ്റിട്ടില്ലെന്നും പിരിഞ്ഞ് പോകാന്‍ നേതാക്കള്‍ നിര്‍ദേശം നല്‍കുന്നതിനിടെയാണ് ഗ്രനേഡ് പ്രയോഗിച്ചതെന്നും ഷാഫി പറഞ്ഞു. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും വേണമെങ്കില്‍ അറസ്റ്റ് ചെയ്യട്ടെ എന്നും അദ്ദേഹം പറഞ്ഞു.
മാർച്ചിനിടെ പ്രകോപനമുണ്ടായാൽ തടയാൻ വന്‍ പൊലീസ് സന്നാഹമാണ് തലസ്ഥാന നഗരത്തില്‍ ഒരുക്കിയിരുന്നത്. പാളയം മുതല്‍ പുളിമൂട് വരെ രണ്ട് വശങ്ങളിലും പൊലീസ് വലയമുണ്ടായിരുന്നു. ബാരിക്കേഡ് കെട്ടി ഗതാഗതം പൂര്‍ണമായി തടഞ്ഞിരുന്നു.
Also Read:വിമാനത്തിലെ പ്രതിഷേധം: പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും