മട്ടന്നൂർ: യൂത്ത് കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ. മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോൺഗ്രസ് സെക്രട്ടറി ശുഹൈബാണ് ഇന്നലെ രാത്രി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നിൽ സിപിഎമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.

എടയന്നൂരിൽ വച്ചായിരുന്നു എസ്.പി.ശുഹൈബി(29)ന് നേരെ ആക്രമണം ഉണ്ടായത്. തൈരൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്നതിനിടെ രാത്രി 10.45 ഓടെയാണ് സംഭവം. അക്രമികൾ ശുഹൈബിന് നേരേ ബോംബെറിഞ്ഞശേഷം ശേഷം വെട്ടുകയായിരുന്നു. വെട്ടേറ്റു പരുക്കുകളോടെ ശുഹൈബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കോഴിക്കോട്ടേയ്ക്കു കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. ബോംബ് റോഡിൽ വീണു പൊട്ടി.

കഴിഞ്ഞ മാസം എടയന്നൂരിലുണ്ടായ സിപിഎം -കോൺഗ്രസ് സംഘർഷത്തിൽ റിമാൻഡിലായ ശുഹൈബ് കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. ഇതിന്‍റെ തുടർച്ചയാണ് ഇപ്പോൾ നടന്ന അക്രമമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.