രമ്യ ഹരിദാസിന് കാറ് വാങ്ങാന്‍ ആയിരം രൂപ പിരിവ്; വിവാദം

1,400 ലീഫുകളാണ് ആകെ അച്ചടിച്ചിട്ടുള്ളതെന്നാണ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ അറിയിക്കുന്നത്

കൊച്ചി: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാറ് വാങ്ങി നല്‍കാന്‍ പിരിവുമായി യൂത്ത് കോണ്‍ഗ്രസ്. ആലത്തൂര്‍ പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഇതിനായി സംഭാവന കൂപ്പണ്‍ ഇറക്കിയിരിക്കുന്നത്. ആയിരം രൂപയാണ് ഒരു സംഭാവന രസീതിന്റെ ചാര്‍ജ്. ബൂത്ത് കമ്മിറ്റികളിലൂടെയാണ് പിരിവ് നടത്തുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. സംഭാവന രസീത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ വിവാദവും പൊട്ടിപുറപ്പെട്ടു. ഒരു എംപി എന്ന നിലയില്‍ ശമ്പളവും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കുന്ന എംപിക്ക് എന്തിനാണ് വാഹനം വാങ്ങി നല്‍കുന്നതെന്ന് പ്രതിപക്ഷം ചോദിക്കുന്നു. ശമ്പളവും മറ്റ് അലവന്‍സും അടക്കം മാസം രണ്ട് ലക്ഷത്തോളം രൂപ എംപിക്ക് ലഭിക്കുന്നുണ്ട്. എംപിക്ക് വാഹനം വാങ്ങാന്‍ പലിശ രഹിത വായ്പ അടക്കം ലഭ്യമാണ്. ഈ സാഹചര്യത്തിലാണ് വിമര്‍ശനങ്ങള്‍.

Read Also: ‘എംഎല്‍എമാരെ വില്‍ക്കുകയാണെന്ന് കേട്ടത് നേരാണോ മുത്തച്ഛാ?’; പേരക്കുട്ടിയുടെ ചോദ്യം നിയമസഭയില്‍ വെളിപ്പെടുത്തി എംഎല്‍എ

ബൂത്ത് കമ്മിറ്റികളിലൂടെ രണ്ട് ലക്ഷം രൂപ വീതം പിരിക്കുകയാണ് ലക്ഷ്യം. 1,400 ലീഫുകളാണ് ആകെ അച്ചടിച്ചിട്ടുള്ളതെന്നാണ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ അറിയിക്കുന്നത്. 14 ലക്ഷത്തോളം രൂപ പിരിച്ച് എംപിക്ക് വാഹനം വാങ്ങി നല്‍കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. ഇത് കോണ്‍ഗ്രസ് കുടുംബങ്ങളില്‍ നിന്ന് മാത്രമുള്ള പിരിവാണെന്നും പുറത്തുനിന്നുള്ളവരില്‍ നിന്ന് പണം പിരിക്കുന്നില്ലെന്നും യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റി നേതൃത്വം അറിയിക്കുന്നു. എന്നാല്‍, യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം വിമര്‍ശനം ഉന്നയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഓഗസ്റ്റ് ഒന്‍പതിന് നടക്കുന്ന യൂത്ത് കോണ്‍ഗ്രസിന്റെ പൊതുപരിപാടിയില്‍ വച്ച് രമ്യ ഹരിദാസിന് വാഹനം സമ്മാനിക്കാനാണ് സംഘടനയുടെ തീരുമാനം. ഇതൊരു സര്‍പ്രൈസ് ഗിഫ്റ്റായിട്ടാണ് നല്‍കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു.

Read Also: ശബരിമല വിഷയത്തില്‍ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ഒപ്പം: രമ്യ ഹരിദാസ്

എന്നാല്‍, വാഹനം സമ്മാനിക്കുന്ന കാര്യം താന്‍ മുന്‍പേ പലരും വഴി അറിഞ്ഞിട്ടുണ്ടെന്നാണ് രമ്യ ഹരിദാസ് പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്യുന്നതില്‍ എന്താണ് തെറ്റ് എന്നും രമ്യ ചോദിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസുകാരിയായ തങ്ങളുടെ എംപിക്കാണ് വാഹനം വാങ്ങി നല്‍കുന്നത്. അതില്‍ യാതൊരു തെറ്റുമില്ല. അഭിമാനം കൊള്ളുകയാണ് താന്‍ ചെയ്യുന്നതെന്നും രമ്യ പറഞ്ഞു. രമ്യ ഹരിദാസ് ഒരു സാധാരണക്കാരിയാണ്. തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷ സ്ഥാനാര്‍ഥിയായ വ്യക്തിയാണ്. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ആലത്തൂര്‍ക്കാര്‍ക്ക് കൂടുതല്‍ സേവനം ലഭിക്കാനായാണ് തങ്ങളുടെ എംപിക്ക് വാഹനം വാങ്ങി നല്‍കുന്നതെന്നാണ് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്. അതില്‍ അഭിമാനം തോന്നുന്നുണ്ടെന്നും ഒന്‍പതാം തീയതിയെ പരിപാടിയില്‍ പങ്കെടുക്കുമെന്നും രമ്യ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസുകാര്‍ സമ്മാനമായി നല്‍കുന്ന വാഹനം താന്‍ വാങ്ങിക്കുമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Youth congress gifting car to ramya haridas mp congress controversy

Next Story
വത്സന്‍ തില്ലങ്കേരി വാഹനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express