മിന്നല്‍ ഹർത്താല്‍: വഴി തടയലും കട അടപ്പിക്കലും വ്യാപകം, വലഞ്ഞ് ജനം

Kerala Hartal Today: സംഭവം പ്രത്യേക സംഘം അന്വേഷിക്കും

Hartal in Kerala, Kerala Hartal Today

Kerala Hartal Today by Youth Congress: കാസര്‍ഗോഡ്: യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച മിന്നല്‍ ഹർത്താലില്‍ വലഞ്ഞ് ജനം. രാത്രിയായിരുന്നു ഹർത്താല്‍ പ്രഖ്യാപനം. അതിനാല്‍ പലരും ഹർത്താലിനെ കുറിച്ച് അറിഞ്ഞത് രാവിലെയാണ്. വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നുണ്ടെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തടയുന്നുണ്ട്.

പലയിടത്തും വ്യാപാരികളും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തു. കോഴിക്കോട് കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. കൊയിലാണ്ടിയില്‍ കടയക്കാന്‍ വിസമ്മതിച്ച വ്യാപാരിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടക്കുള്ളില്‍ പൂട്ടിയിട്ടു. പിന്നീട് പൊലീസ് എത്തിയാണ് ഇയാളെ പുറത്തെത്തിച്ചത്. കേരള വ്യാപര വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി കെപി ശ്രീധരനെയാണ് കടക്കുള്ളില്‍ പൂട്ടിയിട്ടത്.

അതേസമയം, കേരളത്തില്‍ എല്ലാ യൂണിറ്റിലും കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നുണ്ട്. ബസിനു നേരെ ആക്രമണമുണ്ടായാല്‍ സര്‍വ്വീസ് നിര്‍ത്തിവെക്കാനുള്ള നിര്‍ദ്ദേശവും യൂണിറ്റുകള്‍ക്ക് നല്‍കിയിട്ടുണ്ട്. കോഴിക്കോടും കാട്ടാക്കടയിലും കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇവിടങ്ങളിലെ സര്‍വ്വീസ് നിര്‍ത്തിവെച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ പൊലീസിന്റെ സഹായം തേടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കട അടപ്പിക്കാന്‍ ശ്രമിക്കുന്നു

തിരുവനന്തപുരത്ത് കല്ലറയില്‍ വ്യാപാരികളും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ സംഘഷമുണ്ടായി. ഒരാള്‍ക്ക് പരുക്കേറ്റു. തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. അതേസമയം, ആറ്റുകാല്‍ പൊങ്കാല ആയതിനാല്‍ തിരുവനന്തപുരം നഗരത്തെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയതായി യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിരുന്നു.

കൊച്ചി നഗരത്തില്‍ കെഎസ്ആര്‍ടിസി ബസുകളും ഒരു വിഭാഗം സ്വകാര്യ ബസുകളും സര്‍വ്വീസ് നടത്തുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കട അടപ്പിക്കാനായി എത്തിയതിനെ തുടര്‍ന്ന് ചിലയിടത്ത് വ്യാപാരികളുമായി സംഘര്‍ഷമുണ്ടായി. പള്ളുരുത്തി, ആലുവ തുടങ്ങിയ ഭാഗങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞു. അങ്കമാലിയില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു.

എറണാകുളം കെഎസ്ആർടിസി സ്റ്റാന്‍റില്‍ നിന്നും ഫൊട്ടോ : നിതിന്‍ ആർകെ

്തൃശ്ശൂരില്‍ സ്ഥിതിഗതികള്‍ ഏറെക്കുറെ ശാന്തമാണ്. നഗരത്തില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നുണ്ട്. ഉത്സവം നടക്കുന്നതിനാല്‍ ഗുരുവായൂരില്‍ ഹര്‍ത്താലില്ല. ചാവക്കാട് കടയടപ്പിച്ചു.

ഞായറാഴ്ച രാത്രി എട്ടരയോടെ പെരിയക്കടുത്ത് കല്യോട്ട് വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (19), ശരത് (23) എന്നിവരാണ് മരിച്ചത്. ശരത്തിനെ വിദഗ്‌ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ഹർത്താല്‍ പ്രഖ്യാപിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Youth congress announced harthal in state after the murder of its two workers

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express