തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെ കോൺഗ്രസിലും യുഡിഎഫിലും ഉൾപ്പോര് ശക്തമാണ്. നേതൃമാറ്റവും പുനഃസംഘനയും ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഇതിനോടകം ഹൈക്കമാൻഡിന്റെ തന്നെ പരിഗണനയിലെത്തി കഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ നടത്തിയ കേരള സന്ദർശനം. ഇതിനെല്ലാം പിന്നാലെ സംസ്ഥാന നേതൃത്വത്തിന് വെല്ലുവിളിയാവുകയാണ് യൂത്ത് കോൺഗ്രസിന്റെ പ്രമേയം.

നിലപാട് കടുപ്പിച്ച് യൂത്ത് കോൺഗ്രസ്

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പും വിമർശനവുമാണ് പ്രമേയം. തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട 20 നിര്‍ദേശങ്ങളടങ്ങിയ പ്രമേയവും പാലക്കാട് സമാപിച്ച യൂത്ത് കോണ്‍ഗ്രസ് സ്‌റ്റേറ്റ് ക്യാമ്പ് എക്‌സിക്യൂട്ടീവ് പാസാക്കിയത്.

നാലുതവണ തുടര്‍ച്ചയായി മത്സരിച്ചവരെ സ്ഥാനാര്‍ഥിയാക്കരുത്. യുവാക്കള്‍ക്ക് അവസരം വേണം. പതിവായി തോല്‍ക്കുന്നവരെ മാറ്റണം. നേമം മണ്ഡലം പിടിച്ചെടുക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. ജനറല്‍ സീറ്റുകളില്‍ വനിതകള്‍ക്കും പട്ടികജാതിക്കാര്‍ക്കും അവസരം നല്‍കണം. 10 ശതമാനം സീറ്റുകള്‍ മാത്രം മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കിയാല്‍ മതി, എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

Also Read: മുന്നണിയുടെ മതനിരപേക്ഷ മുഖം നഷ്ടപ്പെട്ടു; യുഡിഎഫിനെതിരെ സത്യദീപം മുഖപ്രസംഗം

തുടര്‍ച്ചയായി തോല്‍ക്കുന്ന മണ്ഡലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കളെ രംഗത്തിറക്കി തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തണംമെന്നതാണ് മറ്റൊരു നിർദേശം. സ്ഥിരം അഭിനേതാക്കളെ വച്ചുള്ള നാടകമാണെങ്കില്‍ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും മുന്നറിയിപ്പ് നൽകുന്നു.

മുതിർന്ന നേതാക്കൾക്കിടയിൽ തന്നെ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ യുവജന പ്രസ്ഥാനവും നിലപാട് കടുപ്പിക്കുന്നതോടെ വലിയ പ്രതിസന്ധിയാണ് കോൺഗ്രസ് നേരിടാൻ പോകുന്നത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയുമടക്കം പ്രവർത്തനങ്ങൾക്കെതിരെയും യൂത്ത് കോൺഗ്രസ് ക്യാമ്പ് എക്സിക്യൂട്ടിവിൽ വിമർശനം ഉയർന്നു.

Also Read: അനിൽ പനച്ചൂരാന്റെ മരണം: അസ്വാഭാവിക മരണത്തിനു കേസ്

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് പക്ഷം നേടിയ വിജയവും യുവനേതാക്കളെയടക്കം ഭരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയും ചെയ്ത് എൽഡിഎഫ് ഉണ്ടാക്കിയ തരംഗവും യൂത്ത് കോൺഗ്രസിനെ നിലപാട് കടുപ്പിക്കുന്നതിലേക്ക് എത്തിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. 23 വയസുകാരിയെ മേയറായും 21 വയസുകാരിയെ പഞ്ചായത്ത് പ്രസിഡന്റായും സിപിഎം അവതരിപ്പിച്ചിരുന്നു.

പ്രശ്ന പരിഹാരത്തിന് ഹൈക്കമാൻഡ്

കേരളത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലെത്തിയത്. ഏറെ ദിവസങ്ങള്‍ കേരളത്തില്‍ തങ്ങി പാര്‍ട്ടി നേതാക്കളുടേയും ഘടകകക്ഷി നേതാക്കളുടേയും അഭിപ്രായങ്ങളും പരാതികളും കേട്ട അദ്ദേഹം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നേതൃമാറ്റം എന്ന ആവശ്യത്തോട് അനുകൂല നിലപാടാണ് താരിഖ് അൻവരും സ്വീകരിച്ചിരിക്കുന്നത്.

കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണം എന്ന ആവശ്യം ഒരു പരിധിവരെ താരീഖ് അന്‍വര്‍ പരിഗണിച്ചിട്ടുണ്ട് എന്ന് പറയാം. ജില്ലാ, മണ്ഡലം, ബ്ലോക്ക് തലങ്ങളില്‍ നേതൃമാറ്റം വേണമെന്നും പുന:സംഘടന ഉടന്‍ നടത്തണമെന്നും ആണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഭൂരിപക്ഷം പേരും ആവശ്യപ്പെട്ട കെപിസിസി പുന:സംഘടന എന്ന ആവശ്യം തള്ളിക്കളഞ്ഞു.

ഉമ്മൻ ചാണ്ടി വരണം

എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ ഉമ്മന്‍ ചാണ്ടി കേരളത്തില്‍ കുറച്ചുകൂടി സജീവമാകണം എന്ന ആവശ്യം സംസ്ഥാനത്തെ വിവിധ നേതാക്കൾ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞതാണ്. ഇത് അനിവാര്യമാണെന്ന് താരീഖ് അൻവറും പറയുന്നു. കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും നേതൃത്വത്തിലേക്ക് ഉമ്മന്‍ ചാണ്ടി തിരികെ വരണം എന്ന് ഘടകകക്ഷികള്‍ അടക്കം നേരത്തേ ആവശ്യം ഉന്നയിച്ചിരുന്നു.

അതേസമയം കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ സമിതി അധ്യക്ഷനെ അധികം വൈകാതെ തന്നെ തീരുമാനിച്ചേക്കും. ഉമ്മന്‍ ചാണ്ടിയുടെ പേരാണ് ഇക്കാര്യത്തില്‍ സജീവ പരിഗണനയില്‍ ഉള്ളത്. കെ മുരളീധരന്റേയും കെ സുധാകരന്റേയും പേരുകളും പരിഗണനയില്‍ ഉണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ശക്തമായ ഒരു തിരിച്ചുവരവ് തന്നെ മുന്നിലുള്ളപ്പോൾ ഉമ്മൻ ചാണ്ടിയെ പോലെ ജനപ്രിയനായ നേതാവിനെ പ്രചരണ ചുമതല ഏൽപ്പിക്കാനായിരിക്കും പാർട്ടി മുൻഗണന നൽകുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.