കല്‍പ്പറ്റ: ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വയനാട് സീറ്റില്‍ യുഡിഎഫിലെ പലര്‍ക്കും കണ്ണുണ്ട്. ലീഗ് സീറ്റ് ആവശ്യപ്പെട്ടു രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നാലെ വയനാട് എംപിയായിരുന്ന എംഐ ഷാനവാസിന്റെ മകളും മത്സരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍ വയനാട് സീറ്റ് കണ്ട് ആരും ചുരം കയറേണ്ടതില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്.

വയനാട്ടിലേക്ക് കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ വേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രമേയം. സീറ്റില്‍ മത്സരിപ്പിക്കുന്നത് വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ക്ക് പുറത്ത് നിന്നുള്ളവരെ ആകരുതെന്നും പ്രമേയത്തില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി കേശവ് യാദവിന്റെ സാന്നിധ്യത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.

നേരത്തെ അന്തരിച്ച വയനാട് എം.പി ഷാനവാസിന്റെ മകള്‍ അമീനയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനെതിരെ കെഎസ്‌യു രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കിയത്. യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്നുള്ള രാഹുല്‍ഗാന്ധിയുടെ പ്രഖ്യാപനം നടപ്പിലാക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റെങ്കിലും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.