കൊച്ചി: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം പൊലീസ് പരാജയപ്പെടുത്തി. കൊച്ചിയിൽ ദക്ഷിണ നാവിക സേന ആസ്ഥാനത്തിന് സമീപത്താണ് ബീഫ് പാകം ചെയ്യാനുള്ള ശ്രമത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രധാനമന്ത്രി ദക്ഷിണ നാവികസേനയുടെ വിമാനത്താവളമായ ഐഎൻഎസ് ഗരുഡിൽ വിമാനമിറങ്ങുന്നതിന് തൊട്ട് മുൻപായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. രാവിലെ ഒൻപത് മണി കഴിഞ്ഞപ്പോഴാണ് നാവികസേന ആസ്ഥാനത്തെ വിമാനത്താവളത്തിന് സമീപത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബീഫുമായെത്തിയത്.

കശാപ്പിനായുള്ള കന്നുകാലി ചന്തകൾ നിരോധിച്ച കേന്ദ്ര ഉത്തരവിനെതിരെയായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. ഇതിനെതിരെ കേരളത്തിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. മുഖ്യധാര യുവജന സംഘടനകളെല്ലാം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.

വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ രാവിലെ 10.15 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെ നാവിക സേന വിമാനത്താവളത്തിൽ വിമാനമിറങ്ങിയത്. അദ്ദേഹത്തെ ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് മെട്രോ യാത്ര നടത്തിയ അദ്ദേഹം ഉദ്ഘാടനവും നടത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ