കോഴിക്കോട്: ഇടവഴിയിലൂടെ തനിച്ചു നടന്നുപോകവേ പെൺകുട്ടിയെ യുവാവ് കടന്നുപിടിച്ചു. കോഴിക്കോട് നടക്കാവാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പെൺകുട്ടിയെ കടന്നുപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിച്ചതോടെ നടക്കാവ് പൊലീസ് സ്വമേധയാ കേസെടുത്തു. ഐപിസി 354 വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പൊലീസ് സ്വമേധയ കേസെടുത്തത്.

കോഴിക്കോട് വൈഎംസിഎ റോഡില്‍ നിന്ന് മാവൂര്‍ റോഡിലേക്ക് പോകുന്ന ഇടവഴിയില്‍ വച്ച കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നതെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയ്ക്ക് ഒപ്പം പറഞ്ഞിരിക്കുന്നത്. സംഭവ സ്ഥലത്തിനു സമീപത്തായി സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽനിന്നുളള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. പെൺകുട്ടിയെ ആക്രമിച്ച യുവാവിന്റെ മുഖം സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

യുവാവിനായുളള തിരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ആക്രണത്തിനിരയായ പെൺകുട്ടിയെക്കുറിച്ച് പൊലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ