പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവിന് നേരെ സദാചാര ഗുണ്ടായിസം. പ്രണയത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഇരുപതുകാരന്റെ കയ്യും കാലും തല്ലിയൊടിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് തനിക്കെതിരെ ക്രൂരമായ ആക്രമണം നടത്തിയതെന്ന് പെരിന്തല്‍മണ്ണ പാതായിക്കര സ്വദേശി നാഷിദ് അലി ആരോപിച്ചു.
താന്‍ ഒരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലായിരുന്നു എന്നും പെണ്‍കുട്ടി ഫോണില്‍ വിളിച്ച് തന്റെ വീടിന്റെ അടുത്ത് വരാന്‍ പറയുകയായിരുന്നു എന്നും നാഷിദ് അലി പറയുന്നു. വീടിന്റെ അടുത്ത് എത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ കസിനും മറ്റ് സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ മര്‍ദിക്കുകയായിരുന്നു എന്ന് നാഷിദ് അലി പറഞ്ഞു. കസിന്റെ വീട്ടില്‍ കൊണ്ടുപോയി ഇരുമ്പ് പൈപ്പ് കൊണ്ടും കത്തി കൊണ്ടും കുറേ മര്‍ദിച്ചു. പിന്നീട് തലകീഴായി കെട്ടിത്തൂക്കി കാലിലും കയ്യിലും പൈപ്പുകൊണ്ട് കുറേ അടിച്ചു. പിന്നീട്, ആളൊഴിഞ്ഞ റെയില്‍വേ ട്രാക്ക് പരിസരത്ത് കൊണ്ടുപോയി കുറേ മര്‍ദിച്ചു. ശേഷം തന്റെ വീട്ടുകാരെ വിളിച്ചു പറയുകയായിരുന്നു എന്നും നാഷിദ് അലി പറയുന്നു.
Read More: ലോക്കൽ വാട്സാപ്പ് ബോയ്സ് ഗ്രൂപ്പ് നിർണ്ണയിക്കുന്ന സദാചാര നിയമങ്ങൾ
നാഷിദ് അലിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. പ്രണയത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് നാഷിദിന് നിരന്തരം ഭീഷണിയുണ്ടായിരുന്നു. കൈകള്‍ക്കും കാലുകള്‍ക്കും ക്രൂരമായ മര്‍ദനമേറ്റിട്ടുണ്ട്. പെരിന്തല്‍മണ്ണ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തന്നെ മര്‍ദിച്ച സംഘത്തിലെ ചിലരുടെ പേരുകള്‍ പൊലീസിനോട് നാഷിദ് അലി പറഞ്ഞിട്ടുണ്ട്. മര്‍ദനത്തിനിടയില്‍ തന്നെ മൂത്രം കുടിപ്പിച്ചതായും നാഷിദ് അലി ആരോപിച്ചു.