തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് കല്ലൂരിൽ അക്രമി സംഘത്തിന്റെ വെട്ടേറ്റ യുവാവ് മരിച്ചു. കല്ലൂർ സ്വദേശി സുധീഷാണ് (35) മരിച്ചത്.
ബൈക്കുകളിലും ഓട്ടോയിലുമായി എത്തിയ 12 അംഗ അക്രമി സംഘമാണ് സുധീഷിനെ ആക്രമിച്ചത്. തുടർന്ന് ബന്ധുവീട്ടിലേക്ക് ഓടിയ സുധീഷിനെ സംഘം പിന്തുടർന്ന് ആക്രമിക്കുകയും കാൽ വെട്ടിയെടുത്ത് റോഡിലുപേക്ഷിക്കുകയും ചെയ്തു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുധീഷിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ് സംഭവത്തിന് പിറകിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.