scorecardresearch
Latest News

അശ്ലീല വെബ് സീരിസില്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചു; വെബ് സീരിസിന്റെ സംപ്രേഷണം തടയണമെന്ന് ഹര്‍ജി

നിര്‍ബന്ധിച്ച് അശ്ലീല വെബ് സീരിസില്‍ അഭിനയിപ്പിച്ചുവെന്നും തനിക്ക് ഭീഷണി ഉണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

അശ്ലീല വെബ് സീരിസില്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചു; വെബ് സീരിസിന്റെ സംപ്രേഷണം തടയണമെന്ന് ഹര്‍ജി

അശ്ലീല വെബ് സീരിസില്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചെന്നും വെബ് സീരിസിന്റെ സംപ്രേഷണം തടയണമെന്നും ആവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. യെസ്മ ഒടിടി പ്ലാറ്റ്‌ഫോമിനെതിരെയാണ് യുവാവിന്റെ ഹര്‍ജി. സംവിധായികയ്ക്കും വെബ്‌സീരിസ് കമ്പനിക്കെതിരേയുമാണ് യുവാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

തന്നെ നിര്‍ബന്ധിച്ച് അശ്ലീല വെബ് സീരിസില്‍ അഭിനയിപ്പിച്ചുവെന്നും തനിക്ക് ഭീഷണി ഉണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് അഭിനയിപ്പിച്ചതെന്നായിരുന്നു യുവാവ് പരാതിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. കരാറില്‍ ഒപ്പു വയ്ക്കുകയും ചെയ്തു. എന്നാല്‍ അശ്ലീല സിനിമയാണെന്ന് അറിയാതെയാണ് താന്‍ അഭിനയിക്കാന്‍ തയ്യാറായത്. എന്നാല്‍ സത്യം മനസ്സിലായപ്പോള്‍ തന്നെ പിന്‍മാറാന്‍ ശ്രമിച്ചു. കരാറില്‍ നിന്ന് പിന്മാറിയാല്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ചെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. അശ്ലീല ചിത്രം പിടിച്ചെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

അശ്ലീല ഒടിടി സീരീസില്‍ പൂര്‍ണനഗ്‌നനായി അഭിനയിപ്പിച്ചെന്ന യുവ നടന്റെ പരാതിയില്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിനും സംവിധായികക്കുമെതിരെയാണ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്. കരാര്‍ ലംഘിച്ച് നഗ്‌നനായി അഭിനയിപ്പിച്ചുവെന്ന പരാതിയില്‍ വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. 90 ശതമാനം നഗ്‌നനനായി അഭിനയിക്കാമെന്ന് കരാര്‍ ഉണ്ടെന്നാണ് സംവിധായികയുടേയും ഒടിടി പ്ലാറ്റ്‌ഫോം അധികൃതരുടേയും വിശദീകരണം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Youth approach high court against yessma ott platform