ന്യൂഡല്‍ഹി: ആര്‍എസ്എസ് ശാഖകളില്‍ പോകാത്തവര്‍ യഥാര്‍ത്ഥ ഹിന്ദുക്കള്‍ അല്ലെന്ന് ഹൈദരാബാദില്‍ നിന്നുളള ബിജെപി എംഎല്‍എ. എംഎല്‍എ ടി രാജാ സിംഗ് ആണ് വിവാദ പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും പോലെ ഉളളവരെ വാര്‍ത്തെടുക്കുന്ന ഫാക്ടറിയാണ് ആര്‍എസ്എസ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മധ്യപ്രദേശില്‍ ഒരു പൊതുപരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ‘എല്ലാവരും അടുത്തുളള ആര്‍എസ്എസ് ശാഖകളില്‍ ചേരണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. ആര്‍എസ്എസില്‍ ചേരാത്ത ഒരു ഹിന്ദുവും യഥാര്‍ത്ഥ ഹിന്ദുവല്ല. അത്കൊണ്ട് തന്നെ അവര്‍ നമ്മുടെ രാജ്യത്തെ സേവിക്കാന്‍ അര്‍ഹരുമല്ല’, നീമുച്ച് ജില്ലയില്‍ ജനക്കൂട്ടത്തെ അഭിസബോധന ചെയ്യുകയായിരുന്നു ബിജെപി എംഎല്‍എ.

മതത്തിന് അതീതമായി എല്ലാവരും ‘ഭാരത് മാതാ കിജയ്’ എന്നും വന്ദേമാതരവും ഉയര്‍ത്തിപ്പിടിക്കണമെന്നും അല്ലാത്തവര്‍ക്ക് രാജ്യം വിട്ടു പോകാമെന്നും രാജ പറഞ്ഞു. ശത്രുരാജ്യത്തേയും ഭീകരരേയും വാഴ്ത്തുന്ന ജനങ്ങളെ ഒരു രാജ്യവും സഹിക്കില്ലെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

‘ഭാരത് മാതാ കി ജയ് എന്ന് മന്ത്രിച്ചാല്‍ മറ്റ് രാജ്യങ്ങള്‍ അത് സഹിഷ്ണുതയോടെ കാണില്ല. അതേസമയം ‘പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന് പറയുന്നവര്‍ നമ്മുടെ രാജ്യത്തുണ്ട്. അഫ്സല്‍ ഗുരുവിനെ പോലെയുളള ഭീകരവാദികളെ പുകഴ്ത്തുന്നവരും നമ്മുടെ രാജ്യത്തുണ്ട്. ലൗ ദിഹാദിനേയും ക്രിസ്ത്യന്‍ മിഷിണറികള്‍ നടത്തുന്ന മതംമാറ്റങ്ങളേയും എതിര്‍ത്ത് ഹിന്ദുക്കള്‍ പ്രവര്‍ത്തിക്കണം’, രാജ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ