കൊച്ചി: കളമശേരി മെഡിക്കൽ കോളേജിൽ യുവാവ് മരണമടഞ്ഞ സംഭവത്തിൽ  മെഡിക്കൽ കോളേിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയെന്ന് ആരോപണം. എടത്തല തേവയ്ക്കൽ കൈലാസ് കോളനി മുക്കോ മുറിയിൽ ജെറിൻ മൈക്കിളി(25)ന്റെ മരണമാണ് എറണാകുളത്ത് വീണ്ടും ചികിത്സാപിഴവ് സംബന്ധിച്ച വിവാദത്തിന് തിരിയിട്ടിരിക്കുന്നത്.

മരിക്കുന്നതിന് മുൻപ് ജെറിന്റെ അസുഖം തിരിച്ചറിയാൻ സാധിച്ചില്ലെന്ന് പരിചരിച്ച ഡോക്ടർ വ്യക്തമാക്കി. അതേസമയം രക്തത്തിൽ ക്രമാതീതമായ നിലയിൽ അണുബാധയുണ്ടായിരുന്നതായും ഇദ്ദേഹം പറഞ്ഞു.

ശനിയാഴ്ച രാവിലെയാണ് വയറുവേദനയെ തുടർന്ന് ജെറിൻ മൈക്കിളിനെ സുഹൃത്ത് ആശുപത്രിയിൽ എത്തിച്ചത്. സുഹൃത്ത് മടങ്ങിയ ശേഷം ജെറിൻ ഒറ്റയ്ക്കായിരുന്നു.  അച്ഛനും അമ്മയും നേരത്തേ മരിച്ച ജെറിൻ മൈക്കിൾ ഒറ്റയ്ക്കാണ് താമസമെന്നാണ് സുഹൃത്ത് വൈശാഖ് പറഞ്ഞു. അഡ്മിറ്റ് ചെയ്യാൻ കൂട്ടിന് ആളില്ലെന്ന് വന്നത് നടപടികൾ വൈകിപ്പിച്ചു. ഇത് തീർന്നപ്പോഴേക്കും അൾട്രാ സൗണ്ട് സ്കാനിംഗ് സെന്റർ പൂട്ടി. ഇത് ഉച്ചവരെയാണ് പ്രവർത്തിക്കുന്നത്.

അൾട്രാ സൗണ്ട് സ്കാനിംഗ് നടത്താതെ രോഗത്തിന്റെ സ്ഥിതി അറിയില്ലെന്നതിനാൽ ജെറിനെ വാർഡിൽ താമസിപ്പിച്ചു. ഞായറാഴ്ച അവധിയായതിനാൽ തിങ്കളാഴ്ച അൾട്രാ സൗണ്ട് സ്കാൻ ചെയ്യാം എന്നായിരുന്നു ജെറിനോട് പറഞ്ഞിരുന്നതെന്ന് വൈശാഖ് വ്യക്തമാക്കി. എന്നാൽ രാത്രി തന്നെ ജെറിന്റെ നില ഗുരുതരമായി. “ബന്ധുക്കൾ രാത്രി 6 മണിക്ക് ശേഷമാണ് ഇവിടെയെത്തിയതെ”ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ പറഞ്ഞു. ജെറിന് അപസ്മാരം ഉണ്ടായപ്പോൾ കൂട്ടിനുണ്ടായിരുന്ന സ്ത്രീയ്ക്ക് വിവരങ്ങളൊന്നും അറിയില്ലായിരുന്നു.” ജീവനക്കാരൻ പറഞ്ഞു.

സംഭവത്തിൽ ജെറിനെ പരിചരിച്ച ഡോക്ടർ പറഞ്ഞതിങ്ങനെ, “രാവിലെ അത്യാഹിത വിഭാഗത്തിലായിരുന്നു ജെറിൻ വന്നത്. പ്രാഥമിക പരിശോധനയിൽ രക്തത്തിൽ അണുബാധ അധികമായിരുന്നു. ഇത് എന്തുകൊണ്ടാണെന്ന് സ്ഥിരീകരിക്കാൻ ആയില്ല. പിന്നീട് ജെറിനെ വാർഡിൽ പ്രവേശിപ്പിച്ചു. ഞാൻ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നു. സ്കാൻ ചെയ്യണമെന്ന് പറഞ്ഞപ്പോൾ പണമില്ലെന്നും കൂട്ടിന് ആളില്ലെന്നുമാണ് പറഞ്ഞത്.” ഡോക്ടർ വ്യക്തമാക്കി.

“വൈകിട്ട് ബന്ധു വന്ന ശേഷം പുറത്ത് സ്കാൻ ചെയ്യാൻ വേണ്ടി ഇവർ പോയിരുന്നു. ഈ സമയത്തെല്ലാം കാഴ്ചയിൽ ജെറിൻ പൂർണ ആരോഗ്യവാനായിരുന്നു. പിന്നീട് രാത്രി പതിനൊന്ന് മണിയോടെയാണ് ആദ്യമായി അപസ്മാരം വരുന്നത്. ഈ സമയത്ത് കൂടെ ഉണ്ടായിരുന്ന സ്ത്രീയോട് മുൻപ് അപസ്മാരം വന്നിട്ടുണ്ടോയെന്ന് ചോദിച്ചു. അറിയില്ലെന്ന് പറഞ്ഞു. പിന്നീട് ആരെയോ ഫോൺ ചെയ്ത ശേഷം അടുത്ത കാലത്തായി ഒരു തവണ വന്നിരുന്നുവെന്ന് ഇവർ പറഞ്ഞു. പിന്നീട് മൂന്ന് വട്ടം അപസ്മാരം വന്നപ്പോഴേക്കും ഐസിയു വിലേക്ക് മാറ്റി. ഈ സമയത്ത് നില ഗുരുതരമായി. രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.” അദ്ദേഹം പറഞ്ഞു.

ജെറിന് അപസ്മാരം വന്നപ്പോൾ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും ഡോക്ടർ പരിചരിച്ചില്ലെന്ന് ആരോപണമുണ്ട്. “രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോട് രോഗിയുടെ നില ഗുരുതരമാണെന്ന് പറഞ്ഞതാണ്. മൂന്ന് വട്ടം നഴ്സ് ഡോക്ടറെ വിളിക്കാൻ പോയി. എന്നിട്ടും അവർ വന്നില്ല. ഈ സമയത്ത് നാല് തവണ ജെറിന് അപസ്മാരം ഉണ്ടായി” അദ്ദേഹം പറഞ്ഞു.

മൂന്നാം വട്ടം പോയപ്പോൾ മരുന്ന് കുറിച്ച് നൽകി ഡോക്ടർ നഴ്സിനെ മടക്കിയെന്നാണ് ആരോപണം. ഇതേ തുടർന്ന് ജെറിനെ പരിചരിച്ച ഹൗസ് സർജൻ ഡ്യൂട്ടി ഡോക്ടറുടെ നിരുത്തരവാദപരമായ നടപടിയിൽ ദേഷ്യപ്പെട്ടതായും പറയുന്നു. എന്നാൽ ഡ്യൂട്ടി ഡോക്ടർ ഈ സമയത്ത് മറ്റാരെയെങ്കിലും പരിചരിക്കുകയായിരുന്നുവോ എന്ന് വ്യക്തമല്ല.

സമ്മത പത്രത്തിൽ ഒപ്പിടാൻ രോഗിയുടെ ബന്ധുക്കൾ ഇല്ലാതെ വന്നതാണ് സമയത്ത് ശസ്ത്രക്രിയ നടത്താതിരിക്കാൻ കാരണമായി സുഹൃത്ത് വൈശാഖ് ആരോപിച്ചത്. രോഗിയുടെ സ്ഥിതി എന്താണെന്ന് ഡോക്ടർ വ്യക്തമായി പറഞ്ഞിരുന്നെങ്കിൽ തിങ്കളാഴ്ച അൾട്രാ സൗണ്ട് സ്കാനിംഗ് എടുക്കാൻ പറയില്ലായിരുന്നു. “ജെറിന് വേദനയുടെ മരുന്ന് രണ്ടു തവണ നൽകി”യെന്ന് വൈശാഖ് ആരോപിച്ചു. മെഡിക്കൽ കോളേജിൽ അൾട്രാ സൗണ്ട് സ്കാൻ സൗജന്യവും പുറത്ത് ആയിരം രൂപയുമാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് ജെറിന്റെ പക്കൽ ആവശ്യത്തിന് പണം ഇല്ലായിരുന്നുവെന്നാണ് സംശയം.

ശനിയാഴ്ച രാവിലെ ആശുപത്രിയിലാക്കിയ സുഹൃത്ത് ഞായറാഴ്ച മരിച്ചെന്ന് അറിഞ്ഞാണ് സുഹൃത്തുക്കൾ എത്തിയത്. ചികിത്സാപ്പിഴവാണെന്ന ആരോപണത്തിൽ ഇവർ ഉറച്ചുനിന്നപ്പോൾ പ്രതിഷേധവുമായി യുവജന സംഘടനകളുമെത്തി. “അഡ്മിറ്റ് ചെയ്തപ്പോൾ തന്നെ അൾട്രാ സൗണ്ട് സ്കാൻ നടത്തിയിരുന്നെങ്കിൽ രോഗം എന്താണെന്ന് അറിയാമായിരുന്നു”വെന്ന് സുഹൃത്ത് വൈശാഖ് പറഞ്ഞു.

ജെറിൻ മൈക്കിളിന് അപസ്മാരം ഉണ്ടായത് വയറിനകത്തെ പഴുപ്പ് പൊട്ടിയിട്ടാവാമെന്നാണ് കരുതുന്നത്. മൃതദേഹം ഇന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്തിട്ടുണ്ട്. സംഭവത്തിൽ അടിയന്തിര ശസ്ത്രക്രിയ നടത്താതിരുന്നതാണ് പ്രശ്നമെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കളും സുഹൃത്തുക്കളും പ്രതിഷേധിച്ചതോടെയാണ് മൃതദേഹം ആലപ്പുഴയിലേക്ക് മാറ്റിയത്.

സംഭവത്തിൽ കുറ്റക്കാരെന്ന് കരുതുന്ന രണ്ട് ഡോക്ടർമാരോട് ഇന്നലെ നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ജില്ല കളക്ടർ മുഹമ്മദ് വൈ സഫീറുള്ള ആവശ്യപ്പെട്ടിരുന്നു. ഇന്നലെയും ഇന്നുമായി യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ ഇവിടെ പ്രതിഷേധിച്ചിരുന്നു.

ഇതേ മെഡിക്കൽ കോളേജിൽ ഈ സംഭവത്തിന് നാല് ദിവസം മുൻപ് ഒരു കുഞ്ഞ് കുട്ടികളുടെ വാർർഡിൽ മറ്റൊരു ഡോക്ടറുടെ അനാസ്ഥയെ തുടർന്ന് മരിച്ചതായി ആരോപണമുണ്ട്. ബന്ധുക്കൾ പ്രതിഷേധിച്ചെങ്കിലും പിന്നീട് ഇത് ഒത്തുതീർന്നു.

ഇതിന് മുൻപ് ഏറെ വിവാദമായ മറ്റൊരു മരണവും ഇതേ മെഡിക്കൽ കോളേജിൽ നടന്നിരുന്നു. മെഡിക്കൽ വിദ്യാർത്ഥിനിയിയായിരുന്ന ഷംന മരിച്ചതും ആശുപത്രിയിലെ ഡോക്ടർമാരുടെ വീഴ്ച മൂലമാണെന്ന് ആരോപണമുയർന്നിരുന്നു. 2016 ജൂലായ് 18 ന് ഷംന മരിച്ചത്. ഈ അന്വേഷണവും എവിടെയുമെത്തിയിട്ടില്ല.

ഇതിനിടെ ജെറിന് നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി ഫെയ്സ്ബുക്കിൽ സുഹൃത്തുക്കൾ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ