കോഴിക്കോട്: പൊലീസ് വീട്ടിൽ നിന്ന് കൂട്ടികൊണ്ടുപോയ പോക്സോ കേസ് പ്രതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കോഴിക്കോട് ക്രൈംബ്രാഞ്ച് അസി. കമ്മീഷണർ അന്വേഷിക്കും. ചെറുവണ്ണൂർ ബി.സി റോഡിൽ നാറാണത് വീട്ടിൽ ജിഷ്ണു (28) ആണ് മരിച്ചത്.
കൽപറ്റ പൊലീസ് കഴിഞ്ഞ ദിവസം ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്നു പെൺകുട്ടിയെ തടഞ്ഞു നിർത്തി ഉപദ്രവിക്കാൻ ശ്രമിച്ചതിനാണ് കേസെടുത്തത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ കണ്ടെത്താൻ നല്ലളം പൊലീസിന്റെ സഹായം തേടുകയായിരുന്നു. തുടർന്ന് ഇന്നലെ രാത്രി ഒമ്പത് മണിയോടെ നല്ലളം പൊലീസ് വീട്ടിലെത്തി ജിഷ്ണുവിനെ കൂട്ടികൊണ്ടുപോവുകയായിരുന്നു. വീട്ടിൽ ഇല്ലാതിരുന്ന ജിഷ്ണുവിനെ വിളിച്ചു വരുത്തിയാണ് കൊണ്ടുപോയത്.
പിന്നീട് രാത്രി 9:30ഓടെ വീടിന് സമീപം വഴിയരികയിൽ നാട്ടുകാർ അത്യാസന്ന നിലയിൽ ജിഷ്ണുവിനെ കാണുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.
കേസന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ വീട് കണ്ടത്താനും വിവരങ്ങൾ അറിയാനും മാത്രമായി എത്തിയതാണെന്നും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചപ്പോൾ ജിഷ്ണു ഓടിയെന്നും പിന്നീട് അത്യാസന്ന നിലയിൽ കാണുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്.
അതേസമയം, ആശുപത്രിയിൽ എത്തിച്ചപ്പോൾ പൊലീസ് ഒപ്പമുണ്ടായിരുന്നില്ല എന്നാണ് ബാൻഡുകൾ പറയുന്നത്. ബന്ധുക്കളുടെ ആവശ്യം പരിഗണിച്ച് ആർഡിഓ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടത്തുമെന്ന് ഡിസിപി അറിയിച്ചു.
Also Read: തഞ്ചാവൂരിൽ ഘോഷയാത്രയ്ക്കിടെ രഥം വൈദ്യുതി ലൈനിൽ തട്ടി; 11 പേർ ഷോക്കേറ്റ് മരിച്ചു