തൃശ്ശൂർ: തൃശ്ശൂർ നഗരത്തിലെ പെട്രോൾ പമ്പിൽ വച്ച് യുവാവിനെ ചുട്ടുകൊല്ലാൻ ശ്രമമെന്ന് റിപ്പോർട്ട്. വാക്കുതർക്കത്തിന് പിന്നാലെ യുവാവിന്റെ മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയെന്നാണ് പ്രാഥമിക വിവരം.

തൃശ്ശൂർ മുപ്ലിയം സ്വദേശിയായ ദിലീപാണ് ആക്രമണത്തിന് ഇരയായത്. തൃശ്ശൂർ കോടാലിയിലെ പെട്രോൾ പമ്പിൽ വച്ചാണ് ആക്രമണം നടന്നത്. ബൈക്കിൽ പെട്രോൾ അടിക്കാനെത്തിയതായിരുന്നു ദിലീപ്. പെട്രോൾ അടിച്ച ശേഷം ബാക്കി വാങ്ങാൻ നിൽക്കുന്നതിനിടെ ഇവിടെയുണ്ടായിരുന്ന കരിം മണി എന്നയാളും ദിലീപും തമ്മിൽ വാക്കുതർക്കം ഉണ്ടായി.

കരിം മണി സ്ഥലത്തെ ഗുണ്ടയാണെന്ന് വെളളിക്കുളങ്ങര പൊലീസ് ഐഇ മലയാളത്തോട് പറഞ്ഞു. ദിലീപിന് ശരീരത്തിൽ 30 ശതമാനത്തോളം പൊളളലേറ്റിട്ടുണ്ട്. ദിലീപിന്റെ ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തിയ വിനോദിനെ തിരക്കി പൊലീസ് വീട്ടിലെത്തിയെങ്കിലും ഇയാൾ ഇതിനോടകം ഇവിടെ നിന്നും കടന്നു.

പെട്രോൾ പമ്പിൽ ആക്രമണത്തിന്റെ ദൃശ്യം

നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. തീയാളിയതിന് പിന്നാലെ പെട്രോൾ പമ്പിന് സമീപത്തെ തോട്ടിലേക്ക് ദിലീപ് എടുത്ത് ചാടിയതിനാലാണ് ഇയാളുടെ ജീവൻ രക്ഷിക്കാനായതെന്നാണ് വിവരം. സംഭവം നടക്കുന്ന സമയത്ത് ദിലീപിനൊപ്പം സുഹൃത്തും ഉണ്ടായിരുന്നു. എന്നാൽ ഇയാൾക്ക് ഒന്നും സംഭവിച്ചില്ല. ദിലീപിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ