ആലുവ: ഉത്തർപ്രദേശ് സ്വദേശിയായ ഭർത്താവിനെതിരെ തീവ്രവാദ ബന്ധമാരോപിച്ച് മലയാളി യുവതി രംഗത്ത്. കാസർകോട് സ്വദേശിനി സഫറുന്നീസയാണ് (24) യുപി മുസാഫിർനഗർ സ്വദേശി അഹലാദിനെതിരെ (25) പരാതി നൽകിയത്. സഫറുന്നിസയെ മർദ്ദിച്ചെന്ന പരാതിയിലാണ് ഇയാൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിച്ചത്.

തുണിക്കച്ചവടം നടത്തിയാണ് ഇവർ ജീവിച്ചിരുന്നത്. ഇതിനായി അഹലാദ് കാസർകോട് എത്തിയപ്പോഴാണ് സഫറുന്നിസയെ കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് ഇരുവരുടെയും വിവാഹം വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച് നടത്തിക്കൊടുത്തുവെന്നാണ് യുവതിയുടെ മൊഴി. പിന്നീട് കച്ചവട ആവശ്യത്തിന് ആലുവയിലേക്ക് താമസം മാറ്റിയ ഇവർക്കിടയിൽ അഹലാദിന്റെ അവിഹിത ബന്ധത്തെ കുറിച്ച് തർക്കം ഉണ്ടായി.

രാത്രികാലങ്ങളിൽ അസ്വാഭാവിക പെരുമാറ്റങ്ങൾ ഇയാളുടെ ഭാഗത്ത് നിന്നുണ്ടാകുന്നുവെന്നും തീവ്രവാദ പരമായ കാര്യങ്ങൾ തന്നോട് സംസാരിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തർക്കം രൂക്ഷമായപ്പോഴാണ് സഫറുന്നിസയ്ക്ക് മർദ്ദനമേറ്റത്.

യുവതി പൊലീസിനെ ബന്ധപ്പെടുമെന്ന് അറിഞ്ഞ് അഹലാദ് മുങ്ങി. ഇയാളെ പിന്നീട് ഡൽഹിയിൽനിന്നും പൊലീസ് പിടികൂടി. ഡൽഹി പൊലീസിന്റെ സഹായത്തോടെ എറണാകുളം പുത്തൻകുരിശ് സിഐ യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. വിമാനമാർഗം അഹലാദിനെ കേരളത്തിൽ എത്തിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ