കോട്ടയം: അശാസ്ത്രീയമായ ലോക്ഡൗണ്‍ തീരുമാനങ്ങള്‍ ജീവിതം തകര്‍ത്തുവെന്നും മരണത്തിന് ഉത്തരവാദി സർക്കാരാണെന്നും പറഞ്ഞ് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട ഹോട്ടലുടമ മരിച്ചനിലയില്‍. ചങ്ങനാശേരി കുറിച്ചിയിലെ ഹോട്ടലുടമ കനകക്കുന്ന് ഗുരുദേവ ഭവനില്‍ സരിന്‍ മോഹനാ(42)ണ് മരിച്ചത്. ട്രെയിനിടിച്ചു മരിച്ചനിലയില്‍ ഇന്നു പുലര്‍ച്ചെ നാലരയോടെ കുറിച്ചി ലെവല്‍ക്രോസിനു സമീപമാണു മൃതദേഹം കണ്ടെത്തിയത്.
”എന്റെ മരണത്തിനു ഉത്തരവാദി ഈ സര്‍ക്കാരാണ്. സാധാരണക്കാരനെ എങ്ങനെ കടക്കെണിയില്‍ കുടുക്കി ജീവിതം നശിപ്പിക്കാമെന്നതിന് ഉദാഹരണമാണ് ഞാന്‍,” എന്നും പറഞ്ഞുകൊണ്ടുള്ളതാണ് സരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ആറുമാസ മുന്‍പ് വരെ കുഴപ്പമില്ലാതിരുന്ന ഹോട്ടലായിരുന്നു തന്റേതെന്നും അശാസ്ത്രീയ ലോക്ഡൗണ്‍ എല്ലാം തകര്‍ത്തുവെന്നും കുറിപ്പില്‍ പറയുന്നു.
”ഇപ്പോള്‍ പ്രൈവറ്റ് ബാങ്കുകളുടെ ഭീഷണി, ബ്ലേഡുകാരുടെ ഭീഷണി. ഇനി ആറു വര്‍ഷം ജോലി ചെയ്താല്‍ തീരില്ല എന്റെ ബാധ്യതകള്‍. ഇനി നോക്കിയിട്ടു കാര്യമില്ല. എന്റെ മരണത്തോടെയെങ്കിലും സര്‍ക്കാരിന്റെ മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുക. സാധാരണ ജനങ്ങളുടെ ജീവിതങ്ങള്‍ തകര്‍ക്കരുത്,” കുറിപ്പില്‍ പറയുന്നു.
സഹായിക്കാന്‍ നല്ല മനസുള്ളവര്‍ തന്റെ കുടുംബത്ത സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുന്ന കുറിപ്പ് ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബമെന്നും ഇളയ മകന് ഓട്ടിസമാണെന്നും അവനും ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശമുണ്ടെന്നും പറയുന്നു.
സരിന്‍ മോഹന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
6 മാസം മുൻപ് വരെ കുഴപ്പമില്ലതിരുന്ന ഹോട്ടൽ ആയിരുന്നു എന്റെ. അശാസ്ത്രീയമായ ലോക്ഡൗണ്‍ തീരുമാനങ്ങൾ എല്ലാം തകർത്തു. ബിവറേജിൽ ജനങ്ങൾക്ക് തിങ്ങിക്കൂടാം കൊറോണ വരില്ല, ഹോട്ടലിൽ ക്യൂ നിന്നാൽ കൊറോണ പിടിക്കും. ബസ്സിൽ അടുത്ത് ഇരുന്നു യാത്ര ചെയ്യാം, ഹോട്ടലിൽ ഇരുന്നാൽ കൊറോണ പിടിക്കും. ഷോപ്പിങ് മാളിൽ ഒരുമിച്ചു കൂടി നിക്കാം. കല്യാണങ്ങൾക്ക് 100 പേർക്ക് ഒരുമിച്ചു നിക്കാം, ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം, ഹോട്ടലിൽ ഇരിക്കാൻ പറ്റില്ല. രാഷ്ട്രീയ പാർട്ടികൾക്ക് പൊതുയോഗങ്ങൾ നടത്താം കൊറോണ പിടിക്കില്ല. ഇങ്ങനെ പോകുന്നു തീരുമാനങ്ങൾ.
എല്ലാം തകർന്നപ്പോൾ ലോക്ഡൗണ്‍ എല്ലാം മാറ്റി. ഇപ്പോൾ പ്രൈവറ്റ് ബാങ്കുകളുടെ ഭീഷണി, ബ്ലേഡ് കാരുടെ ഭീഷണി, ഇനി 6 വർഷം ജോലി ചെയ്താൽ തീരില്ല എന്റെ ബാദ്ധ്യതകൾ, ഇനി നോക്കിയിട്ടും കാര്യം ഇല്ല. എന്റെ മരണത്തോടു കൂടിയെങ്കിലും സർക്കാരിന്റെ മണ്ടൻ തീരുമാനങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുക. സാധാരണ ജനങ്ങളുടെ ജീവിതങ്ങൾ തകർക്കരുത്. എന്റെ മരണത്തിനു ഉത്തരവാദി ഈ സർക്കാർ ആണ്. എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയിൽ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദാഹരണം ആണ് ഞാൻ.
എന്റെ കയ്യിൽ ഉള്ളപ്പോൾ സ്നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോൾ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാൻ കണ്ടു. സഹായിക്കാൻ നല്ല മനസ്സ് ഉള്ളവർ എന്റെ കുടുംബത്ത സഹയിക്കുക. സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു ഭാര്യയും രണ്ടു കുട്ടികളും. അവർക്ക് ഇനി ജീവിക്കണം. ഇളയ മകന് ഓട്ടിസം ആണ്. അവനും ഈ ഭൂമിയിൽ ജീവിക്കാൻ ഉള്ള അവകാശം ഉണ്ട്. RADHU MOHANAC.NO..67230660230SBI CHINGAVANAMKOTTAYAMIFSC . SBIN0070128NB
എന്റെ ഫോണ് എടുക്കുന്ന പൊലീസുകാർ അത് വീട്ടിൽ കൊടുക്കണം. മകൾക് ഓണ്ലൈന് ക്‌ളാസ് ഉള്ളതാണ്. അറിഞ്ഞിരുന്നേൽ സഹായിച്ചേനെ എന്നുള്ള കമന്റ് നിരോധിച്ചു.
ആത്മഹത്യ പരിഹാരമല്ല
മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻജിഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യാ പ്രവണതയെ അതിജീവിക്കാൻ അവരുടെ സേവനങ്ങൾക്കായി താഴെക്കൊടുത്തിരിക്കുന്ന കൗൺസലിങ് ഹെൽപ്‌ലൈനുകളിൽ ബന്ധപ്പെടാവുന്നതാണ്.
കേരളത്തിലെ എൻജിഒകളും ഹെൽപ്പ് ലൈൻ നമ്പറും: പ്രതീക്ഷ- 0484 2448830; മൈത്രി-0484-2540530. കേരളത്തിനു പുറത്തുള്ള എൻ ജി ഒകളും ഹെൽപ്പ് ലൈൻ നമ്പറുകളും: ഹൈദരാബാദ് ( റോഷ്നി)- 040 790 4646, മുംബൈ (ആസ്ര)-022 2754 6669, ഡൽഹി (സഞ്ജീവനി)- 011-24311918, ചെന്നൈ (സ്നേഹ) – 044- 24640050, ബെംഗളുരൂ (സഹായ്)- 080-25497777.