കൊല്ലം: ശസ്ത്രക്രിയയ്ക്ക് വിധേയയായ പെൺകുട്ടി മരിച്ചതിനെത്തുടർന്ന് മനോവിഷമത്തിലായിരുന്ന ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഡോക്ടർക്ക് ജീവന് ഭീഷണിയുണ്ടായിരുന്നോ എന്നും ആരെങ്കിലും ഡോക്ടറെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നോ എന്നും അന്വേഷിക്കും.
കടപ്പാക്കട അനൂപ് ഓർത്തോ കെയർ ഉടമ, ടൗൺ ലിമിറ്റ് പ്രതീക്ഷ നഗർ-31 ഭദ്രശ്രീയിൽ ഡോ. ഉണ്ണിക്കൃഷ്ണന്റെയും രതീഭായിയുടെയും മകൻ ഡോ. അനൂപ് കൃഷ്ണൻ (37) ആണ് വ്യാഴാഴ്ച രാവിലെ കൈഞരമ്പ് മുറിച്ചശേഷം തൂങ്ങിമരിച്ചത്.
ശുചിമുറിയുടെ ചുമരിൽ രക്തം കൊണ്ട് ‘സോറി’ എന്നെഴുതിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കിളികൊല്ലൂർ പൊലീസ് കേസെടുത്തു. ഒരാഴ്ചയായി സമൂഹമാധ്യമങ്ങളിൽ തന്നെയും കുടുംബത്തെയും കുറിച്ച് വരുന്ന ആരോപണങ്ങളിൽ അനൂപ് ഏറെ അസ്വസ്ഥനായിരുന്നെന്നു സുഹൃത്തുക്കൾ പറയുന്നു.
ഫോണിലൂടെയും അനൂപിനെ പലരും വിളിച്ച് ബുദ്ധിമുട്ടിച്ചിരുന്നതായി സഹപ്രവർത്തകർ പറയുന്നു. ബുധനാഴ്ചയും ഒരു രാഷ്ട്രീയ നേതാവ് ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടിരുന്നു. ഇതിനുശേഷം അനൂപിനെ കാണാനില്ലെന്നു കാണിച്ച് കൊല്ലം ഈ പോലീസിൽ ഭാര്യ പരാതി നൽകിയിരുന്നു. തുടർന്ന് അനൂപിനെ രാത്രി വൈകി വർക്കലയിൽ കണ്ടെത്തി.
വ്യാഴാഴ്ച രാവിലെ, താൻ വൈകീട്ട് ആശുപത്രിയിലെത്തുമെന്ന് ജീവനക്കാരുടെ ഗ്രൂപ്പിൽ സന്ദേശമയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഉച്ചയ്ക്ക് ഒരുമണിയോടെ അനൂപിനെ ആത്മഹത്യചെയ്തനിലയിൽ കണ്ടത്തുകയായിരുന്നു.
കഴിഞ്ഞ 23ന് അനൂപിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ കാലിന്റെ വളവ് മാറ്റാൻ ശസ്ത്രക്രിയയ്ക്കു വിധേയയായ 7 വയസ്സുകാരി ഹൃദയാഘാതത്തെത്തുടർന്നു മരിച്ച സംഭവമുണ്ടായിരുന്നു. കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സപ്പിഴവ് ആരോപിച്ചു ബന്ധുക്കൾ പൊലീസിനു പരാതി നൽകിയിരുന്നു. മൃതദേഹവുമായി ആശുപത്രിയുടെ മുന്നിൽ പ്രതിഷേധിക്കാൻ ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.
ചികിത്സപ്പിഴവുമൂലമാണ് കുട്ടി മരിച്ചതെന്നു കാട്ടി ബന്ധുക്കൾ കൊല്ലം ഈസ്റ്റ് പോലീസിൽ പരാതി നൽകി. ഇതിൽ കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മിഷണർ എ.പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു.
സൂയിസൈഡ് പ്രിവൻഷൻ ഹെൽപലൈൻ നമ്പറുകൾ: +91 484 2448830, 91- 484 – 2540530, +91-480 – 2820091, 0495 237 1100, +91-480 – 2820091
Read More: Kerala doctor dies by suicide, days after child’s death in surgery led by him