Kerala Flood Relief: സര്‍വ്വവും തകർത്തെറിഞ്ഞ് കടന്നു പോയ പ്രളയത്തിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന കേരളത്തിനൊപ്പം പിന്തുണയുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഹായം വരുകയാണ്. പ്രായവും ദേശവും ഭാഷയും തുടങ്ങിയ എല്ലാ അതിരുകളും മറികടന്ന് കേരളത്തിന് സഹായമെത്തുകയാണ്.
പ്രളയം തകർത്തെറിഞ്ഞ കേരളത്തിന് പിന്തുണയുമായി സ്നേഹത്തിന്റെ കരുനീക്കം നടത്തിയത് ഒമ്പത് വയസ്സുകാരിയായ സുഹാനി ലോഹിയ എന്ന പ്രൊഫഷണൽ ചെസ് താരമാണ്. മുംബൈ കാൻഡിഡേറ്റ് മാസ്റ്ററുമാണ് സുഹാനി.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ടാണ് സുഹാനി കേരളത്തിനുളള തന്റെ ധനസഹായം കൈമാറിയത്. 23,000 രൂപയാണ് സുഹാനി മഹരാഷ്ട്ര മുഖ്യമന്ത്രിക്ക് കേരളത്തിന് നൽകാനായി കൈമാറിയത്. നിരവധി ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പുകൾ വിജയിച്ചിട്ടുളള താരമാണ് സുഹാനി. സുഹാനിയുടെ കേരളത്തിനുളള ധനസഹായത്തെ സന്തോഷത്തോടെ പിന്തുണയ്ക്കുകയാണ് മാതാപിതാക്കൾ.
ധീരുഭായ് അംബാനി സ്കൂളിലെ വിദ്യാർത്ഥിനിയായ സുഹാനി, നിരവധി ചെസ് മത്സരങ്ങൾവിജയിച്ച കഴിഞ്ഞ വർഷത്തെ യങ് ചെസ് മാസ്റ്ററാണ്. സാമൂഹിക ക്ഷേമത്തിനായുളള മകളുടെ നീക്കം സന്തോഷകരമാണെന്നും ആവശ്യക്കാർക്ക് ഗുണകരമായ കാര്യം മകൾ ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും അമ്മ പറഞ്ഞതായി സുഹനിയുടെ ധനസഹായ വാർത്ത റിപ്പോർട്ട് ചെയ്ത മുംബൈ ലൈവ് എഴുതുന്നു. സുഹാനിയുടെ സഹോദരൻ ബ്ലിറ്റ്സ് ചാമ്പ്യനായ സിദ്ധാന്തും സാമൂഹിക ക്ഷേമ പരിപാടികളിൾ സഹകരിക്കാറുണ്ടെന്ന് അമ്മ പറഞ്ഞു.
സൗത്ത് മുംബൈ ചെസ് അക്കാദമിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സുഹാനി, ദേശീയ സ്കൂൾ ചാമ്പന്യായിട്ടുണ്ട്.