കൊച്ചി: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച് സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറയുന്നില്ല. കൊച്ചിയിലാണ് ആളുകൾ നിയന്ത്രണങ്ങൾ മുഖവിലയ്‌ക്കെടുക്കാത്ത പുറത്തിറങ്ങുന്നത്. പെരുമ്പാവൂർ-ആലുവ റോഡിൽ സഹോദരങ്ങളായ രണ്ട് യുവാക്കളും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റമുട്ടി. വെെകീട്ട് മൂന്നിനാണ് സംഭവം.

ബെെക്കിൽ എത്തിയ സഹോദരങ്ങളായ നിഷാദിനെയും നിഷാദുലിനെയും പൊലീസ് വഴിയിൽ തടയുകയായിരുന്നു. എങ്ങോട്ടാണ് പോകുന്നതെന്ന് പൊലീസ് തിരക്കി. തങ്ങൾ വീട്ടിലേക്ക് പലച്ചരക്ക് സാധനങ്ങൾ വാങ്ങാൻ പോകുകയാണെന്നാണ് ഇവർ മറുപടി നൽകിയത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ ഒരാൾ മാത്രം പോയാൽ പോരേ എന്ന് പൊലീസ് യുവാക്കളോട് ചോദിച്ചു.

Read Also: കോവിഡ്-19 ലോക്ക്ഡൗൺ: ദിവസ വേതന തൊഴിലാളികൾക്ക് ധനസഹായം നൽകണമെന്ന് തൊഴിലാളി സംഘടനകൾ

ഇതേ തുടർന്ന് പൊലീസും യുവാക്കളും തമ്മിലും വാക്കേറ്റമായി. ഒരു പൊലീസ് ഉദ്യോഗസ്ഥനെ രണ്ട് യുവാക്കളും ചേർന്ന് കയ്യേറ്റം ചെയ്‌തു. പിന്നീട് മറ്റ് പൊലീസുകാർ വിഷയത്തിൽ ഇടപെടുകയായിരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ചതിനും പൊലീസ് ഉദ്യോഗസ്ഥനെ നടുറോഡിൽ കയ്യേറ്റം ചെയ്‌തതിനും ഇരുവർക്കുമെതിരെ കേസെടുത്തു. ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരും പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

അതേസമയം, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടികളുമായി പൊലീസ് മുന്നോട്ടുപോകുകയാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളെ കാര്യമായി കാണാതെ ഇന്നും ജനങ്ങൾ തെരുവിലിറങ്ങി. ഇത്തരക്കാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ജനങ്ങൾ സ്വകാര്യ വാഹനങ്ങളുമായി തെരുവിലിറങ്ങുന്ന സാഹചര്യത്തിൽ പൊലീസ് കൂട്ട അറസ്റ്റ് തുടങ്ങി. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങളുടെ ലെെസൻസ് റദ്ദാക്കുന്ന നടപടിയിലേക്കും പൊലീസ് കടന്നു. ഇന്നു രാവിലെ കൊച്ചിയിൽ മാത്രം ഇരുന്നൂറിലേറെ പേരെ അറസ്റ്റ് ചെയ്തു. കൊല്ലത്തും തിരുവനന്തപുരത്തും കണ്ണൂരും പൊലീസ് കടുത്ത നടപടികളിലേക്ക് കടന്നിട്ടുണ്ട്.

Read Also: Covid-19: ചാൾസ് രാജകുമാരനു കൊറോണ സ്ഥിരീകരിച്ചു

അനാവശ്യമായി നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ നമ്പറുകൾ പൊലീസ് ശേഖരിക്കുന്നുണ്ട്. രണ്ട് തവണ പൊലീസ് നിർദേശം ലംഘിച്ചാൽ രജിസ്‌ട്രേഷൻ റദ്ദാക്കും. വാഹന ഉടമകൾ അറസ്റ്റും കേസും നേരിടേണ്ടി വരും. നിയന്ത്രണങ്ങൾ ലംഘിച്ചതു മൂലം പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ 21 ദിവസത്തിന് ശേഷമേ പിന്നീട് വിട്ടുനൽകൂ.

മെഡിക്കല്‍ കേസുകള്‍ക്കും അവശ്യസാധനങ്ങള്‍ വീടുകളില്‍ എത്തിക്കുന്നതിനുമാണ് ഓട്ടോ, ടാക്‌സികള്‍ ഉപയോഗിക്കേണ്ടത്. ഇത്തരം വാഹനത്തില്‍ ഡ്രൈവറെ കൂടാതെ ഒരു മുതിര്‍ന്ന യാത്രക്കാരന്‍ മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളൂ. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ സംസ്ഥാന പൊലീസ് മേധാവി, ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നല്‍കിയിട്ടുണ്ട്. മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്ന വാഹനങ്ങള്‍ തടയില്ല. അവശ്യവസ്തുക്കള്‍, മരുന്ന് തുടങ്ങിയവ വാങ്ങുന്നതിനും ആശുപത്രി സേവനങ്ങള്‍ക്കും മാത്രമേ ടാക്‌സി, ഓട്ടോറിക്ഷ (ഓണ്‍ലൈന്‍ ടാക്‌സികള്‍ ഉള്‍പ്പെടെയുള്ളവ) ഉപയോഗിക്കാവൂ എന്നും നിര്‍ദേശമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.