കൊച്ചി: ക്രോണിന്‍റെ നിരന്തര ശല്യം കാരണം സിഎ വിദ്യാര്‍ത്ഥിനിയായ മിഷേല്‍ ഷാജി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേരുന്നു. ‘എന്‍റെ തീരുമാനം നീ തിങ്കളാഴ്ച അറിയുമെന്ന്’ മിഷേല്‍ ക്രോണിനു അയച്ച സന്ദേശത്തില്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ക്രോണിന്‍റെ മോശമായ പെരുമാറ്റവും വിചിത്ര സ്വഭാവവുമാണ് മിഷേലിന്‍റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ക്രോണിന്‍റെ സ്വഭാവവുമായി യോജിച്ചു പോകാനുള്ള ബുദ്ധിമുട്ട് മിഷേല്‍ ചെന്നൈയിലുള്ള സുഹൃത്തിനെ അറിയിച്ചിരുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.
ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചപ്പോള്‍ ക്രോണിന്‍ മിഷേലിനെ ഭീഷണിപ്പെടുത്തിയാണ് കൂടെ നിര്‍ത്തിയതെന്നുമാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെന്നൈയില്‍ പോയി ഉപരിപഠനം നടത്താന്‍ ഇഷ്ടപ്പെട്ടിരുന്ന മിഷേലിനെ തടഞ്ഞത് ക്രോണിന്‍ ആയിരുന്നു. കൊച്ചിയില്‍ എത്തി മിഷേലിനെ കണ്ട സമയത്ത് ക്രോണിന്‍ മിഷേലിനെ തല്ലിയതായും സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.
മിഷേലിനെ കാണാതായ ഞായറാഴ്ച മുതല്‍ ക്രോണിന്‍ മിഷേലിന്‍റെ ഫോണിലേക്ക് നിരന്തരം വിളിക്കുകയും മെസേജുകള്‍ അയയ്ക്കുകയും ചെയ്തിരുന്നു. മിഷേലിന് മറ്റുള്ളവരുമായുള്ള സൗഹൃദങ്ങള്‍ പോലും ക്രോണിന്‍ ഇടപെട്ട് വിലക്കിയിരുന്നു. ഒരു ആണ്‍ സുഹൃത്തുമായി മിഷേലിന് അടുപ്പമുണ്ടെന്ന് കണ്ടപ്പോള്‍ മിഷേലിനേയും ആണ്‍കുട്ടിയേയും ക്രോണിന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നത്തിന്‍റെ രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
തന്നെ വിട്ട് പോകാനാണ് മിഷേലിന്‍റെ ഉദ്ദേശമെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ക്രോണിന്‍ മിഷേലിനെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ തന്‍റെ ‘തീരുമാനം ക്രോണിന്‍ തിങ്കളാഴ്ച അറിയുമെന്ന്’ മിഷേല്‍ പറഞ്ഞതായാണ് വിവരം.
ആത്മഹത്യ ചെയ്യണമെന്ന തീരുമാനം എടുത്തതിനു ശേഷം മിഷേല്‍ വീട്ടിലേക്ക് വിളിക്കുകയും അച്ഛനെയും അമ്മയെയും കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഒരു ചടങ്ങില്‍ പങ്കെടുക്കാനുള്ളത് കാരണം ആ കൂടിക്കാഴ്ച അത് കഴിഞ്ഞാവാം എന്ന് വീട്ടുകാര്‍ പറഞ്ഞു. അന്നു വൈകിട്ടും ഇതേ കാര്യം പറഞ്ഞു വീട്ടുകാരെ ബന്ധപ്പെട്ട മിഷേലിനെ പരീക്ഷ കൂടി കഴിഞ്ഞു കാണാം എന്ന് പറഞ്ഞാണ് വീട്ടുകാര്‍ സമാധാനിപ്പിച്ചത്.
ഇതിനു ശേഷമാണ് മിഷേല്‍ പള്ളിയില്‍ പോകുന്നതും ഗോശ്രീ പാലത്തിലേക്ക് നടന്നതെന്നും ഉള്ള നിഗമനങ്ങള്‍.
മിഷേലും ക്രോണിനുമായുള്ള തമ്മിലുള്ള ബന്ധം ഇരു വീട്ടുകാര്‍ക്കും അറിയാമായിരുന്നു എന്നാണ് സൂചനകള്‍.