തൃശ്ശൂർ: ” എന്നെ തോൽപ്പിക്കാനാവില്ല, അഞ്ച് ആംബുലൻസുകളുമായി ഇങ്ങോട്ട് പോരെ” എന്നായിരുന്നു ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ജോണി ഭാര്യയുടെ ബന്ധുവിന് അയച്ച സന്ദേശം. കടബാധ്യതയെ തുടർന്ന് ഭാര്യയുടെ ഓഹരി വിഹിതം ചോദിച്ചത് ലഭിക്കാതിരുന്നതാണ് ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തി ജോണി ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പൊലീസ് കരുതുന്നു.

കേച്ചേരി മഴുവഞ്ചേരി മത്തനങ്ങാടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഞ്ചംഗ കുടുംബത്തിന്റെ മരണത്തിലേക്ക് നയിച്ചത് എട്ട് ലക്ഷം രൂപയുടെ കടമായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പണം പലിശയ്ക്ക് കൊടുത്തും റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങൾ വഴിയുമാണ് ജോണി പണം സന്പാദിച്ചിരുന്നത്. എന്നാൽ നോട്ടു പ്രതിസന്ധിയെ തുടർന്നുണ്ടായ സാന്പത്തിക മാന്ദ്യം ജോണിയെ അപ്രതീക്ഷിത കടബാധ്യതയിൽ എത്തിച്ചു. ഭാര്യയുടെ ഓഹരി വിഹിതം വാങ്ങി ബാധ്യത തീർക്കാമെന്നായിരുന്നു കണക്കുകൂട്ടിയതെങ്കിലും ഇത്, ജോണി വിചാരിച്ചത് പോലെ നടന്നില്ല.

വിഷം നൽകിയല്ല, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് എല്ലാവരുടെയും കഴുത്ത് ജോണി അറുത്തതെന്ന് പ്രാഥമിക നിഗമനം. സാന്പത്തിക ബാധ്യത പുറത്തറിയിക്കാതിരുന്ന ജോണി, മുൻകൂട്ടി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഭാര്യയുടെ അമ്മയെ ബന്ധുവീട്ടിലാക്കാൻ സ്വന്തം നാടായ കോഴിക്കോടേക്ക് കുടുംബസമേതം പോകണമെന്നാണ് പറഞ്ഞത്. അവിടേക്ക് പോകുമെന്ന പറഞ്ഞതിന്റെ തൊട്ടുമുന്നിലെ ദിവസമാണ് ജോണി കൊലപാതകങ്ങൾ നടത്തിയത്. ഒപ്പം കിടന്നിരുന്ന ഭാര്യയെയാണ് ആദ്യം കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത്. പിന്നീട് ഇതേ മുറിയിലുണ്ടായിരുന്ന മകളെയും, അടുത്ത മുറിയിൽ ഒരുമിച്ച് കിടന്നുറങ്ങിയ ആൺമക്കളെയും കൊന്നു.

കുടുംബം ഒരുമിച്ച് ആത്മഹത്യ ചെയ്തതല്ലെന്ന നിഗമനമാണ് പൊലീസിനുള്ളത്. വീട്ടിലെ മേശപ്പുറത്ത് ജോണിയുടെ ലൈസൻസും മറ്റുള്ളവരുടെ ആധാർ കാർഡുകളും ഉണ്ടായിരുന്നു. രാത്രി പത്തരയ്ക്ക് ശേഷമാണ് ഇയാൾ കൃത്യം നിർവ്വഹിച്ചതെന്നാണ് നിഗമനം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ